എറണാകുളം: വായ്പ കൃത്യമായി അടച്ചതിന്റെ പേരിൽ ഡൽഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തിന് പങ്കെടുക്കാനുള്ള അവസരം സ്വന്തമാക്കി അങ്കമാലി സ്വദേശികൾ. എറണാകുളം അങ്കമാലി സ്വദേശി അഗസ്റ്റിനും ഭാര്യ ഫിലോമിനയ്‌ക്കുമാണ് സ്വപ്നതുല്യമായ അവസരം ലഭിച്ചത്. വഴിയോരക്കച്ചവടക്കാർക്കുള്ള വായ്പ കൃത്യമായി അടച്ചതിനാലാണ് ദമ്പതികൾ റിപ്പബ്ലിക് ദിനാഘോഷത്തിന് പങ്കെടുക്കാൻ അർഹരായത്.
അങ്കമാലിയിലെ ചെമ്പന്നൂർ റോഡിലാണ് ഇരുവരും വഴിയോരകച്ചവടം നടത്തുന്നത്. 2018-ലാണ് അഗസ്റ്റിൻ ആദ്യമായി കേന്ദ്ര സർക്കാരിന്റെ സ്വനിധി പദ്ധതിയിൽ നിന്നും വായ്പ എടുത്തത്. കൃത്യമായി വായ്പ അടച്ചതിനാലാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് പങ്കെടുക്കാനുള്ള അവസരം നേടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഇരുവരും ഡൽഹിയിലേക്ക് യാത്ര തിരിച്ചു. പ്രധാനമന്ത്രിയെ കണ്ട് റിപ്പബ്ലിക് ദിനാഘോഷത്തിന് പങ്കെടുക്കാൻ കഴിഞ്ഞതിന്റെ നന്ദി അറിയിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം.