ഡൽഹി: വാരണാസിയിലെ ജ്ഞാൻവാപി മസ്ജിദുമായി ബന്ധപ്പെട്ടുള്ള നിർണായക റിപ്പോർട്ട് പുറത്ത്. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദുക്ഷേത്രം നിലനിന്നിരുന്നുവെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ) വ്യക്തമാക്കി. വിശദമായ സർവേ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ കേസിൽ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട കക്ഷികൾ വ്യാഴാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
“ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അഭിപ്രായത്തിൽ, നിലവിലുള്ള കെട്ടിടം നിർമ്മിക്കുന്നതിന് മുമ്പ് ഒരു വലിയ ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പറയാനാകും. ഇത് എഎസ്‌ഐയുടെ നിർണായക കണ്ടെത്തലാണ്. മസ്ജിദിന്റെ പടിഞ്ഞാറൻ മതിൽ ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമാണ്. ക്ഷേത്ര തൂണുകളിലെ ചിഹ്നങ്ങൾ മായ്‌ക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. മാത്രമല്ല, ദേവനാഗരി, തെലുങ്ക്, കന്നഡ, മറ്റ് ലിപികളിൽ ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്”- അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈ 21 ന് പുറപ്പെടുവിച്ച ജില്ലാ കോടതിയുടെ ഉത്തരവിനെത്തുടർന്ന്, മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രത്തിന്റെ മുൻ ഘടനയിൽ നിർമ്മിച്ചതാണോ എന്ന് നിർണ്ണയിക്കാൻ ജ്ഞാൻവാപി പരിസരത്ത് എഎസ്ഐ ശാസ്ത്രീയ സർവേ നടത്തിയിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രത്തിന് മുകളിൽ നിർമ്മിച്ചതാണെന്ന് ഹിന്ദു ഹർജിക്കാർ അവകാശപ്പെട്ടതിനെ തുടർന്നാണ് കോടതി സർവേയ്‌ക്ക് ഉത്തരവിട്ടത്. ഡിസംബർ 18ന് മുദ്രവച്ച കവറിൽ എഎസ്‌ഐ സർവേ റിപ്പോർട്ട് ജില്ലാ കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.