‘മലൈക്കോട്ടൈ വാലിബൻ’ ഒരു അബദ്ധമായി തോന്നുന്നില്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഒരു സംഘം ആളുകൾ തന്റെ സിനിമയെ മനപ്പൂർവ്വം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും ലിജോ പറഞ്ഞു. ഇത്രയും വിദ്വേഷം എന്തിനാണ് കാണിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ലിജോ പറയുന്നു. സിനിമയുടെ റിലീസിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി.
‘വളരെ വൈരാഗ്യത്തോടെ ഒരു സംഘം ആളുകൾ ഒരു സിനിമയെ അറ്റാക്ക് ചെയ്യുകയാണ്. എന്തിനാണ് ഇത്രയും അധികം വിദ്വേഷം കാണിക്കുന്നതെന്ന് മനസിലാകുന്നില്ല. ഇത് കാരണം ഒരു ഇൻഡസ്ട്രിക്ക് എന്ത് ഗുണമാണ് ഉണ്ടാകുന്നതെന്ന് ഇതുവരെയും എനിക്ക് മനസ്സിലായിട്ടില്ല. മലയാള സിനിമയിൽ ഉണ്ടായിട്ടുള്ള സിനിമകളിൽ ഏറ്റവും അധികം പ്രൊഡക്ഷൻ വാല്യു ഉണ്ടായിട്ടുള്ള സിനിമകളിലൊന്നാണ് മലൈക്കോട്ടൈ വാലിബനെന്ന് ഞാൻ അവകാശപ്പെടുന്നു. ഞങ്ങളൊക്കെ ഒന്നര വർഷം അധ്വാനിച്ച സിനിമയാണിത്. സിനിമ ഇറങ്ങിയ ഉടനെ കുറച്ച് പേർ ചേർന്നൊരു അഭിപ്രായം പറഞ്ഞ് സിനിമ ഇല്ലാതാക്കിയാലും ഞങ്ങളുടെ അഭിപ്രായമൊന്നും മാറാൻ പോകുന്നില്ല.
എന്റെയൊക്കെ ചെറുപ്പത്തിൽ അമ്മൂമമാരുടെ കൂടെയിരുന്ന് കഥ കേൾക്കുന്നൊരു അനുഭവം ഉണ്ടായിരുന്നു. അത് ഇല്ലാത്തൊരു ജനറേഷനാണ് ഇപ്പോഴുള്ളത്. ഒരു കഥ പറയുന്ന തരത്തിലാണ് സിനിമ ചെയ്തിരിക്കുന്നത്. എന്റെയുള്ളിൽ അത്തരത്തിൽ നിരവധി കഥകൾ കിടക്കുന്നുണ്ട്. അതിനാൽ കഥ കേൾക്കാൻ ആഗ്രഹമുള്ളവർക്കായിട്ട് തന്നെയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. അല്ലാതെ, ഈ സിനിമ ഒരു അബദ്ധമല്ല.’- ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.