മലപ്പുറം: നിലമ്പൂരിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. അകമ്പാടം സ്വദേശികളായ ബാബു-സീമ ദമ്പതികളുടെ മക്കളാണ് മുങ്ങിമരിച്ചത്. 14 വയസുകാരായ റിൻഷാദ്, 11-കാരനായ റാഷിദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ചാലിയാർ പഞ്ചായത്തിലെ പെരുവംപാടം കുറുവൻ പുഴയുടെ കടവിലായിരുന്നു സംഭവം.
ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ നിന്നും മീൻ പിടിക്കുന്നതിനാണ് ഇരുവരും കടവിലെത്തിയത്. ഇരുവരും നീന്തൽ അറിയാവുന്നവരാണ്. ഒരാൾ ചുഴിയിൽപ്പെട്ടതോടെ രക്ഷിക്കാൻ ശ്രമിച്ച മറ്റേയാളും അപകടത്തിൽപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ പ്രദേശവാസികളാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.















