തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ സംസ്ഥാനത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കാസർകോട് ആരംഭിക്കും. വൈകിട്ട് മൂന്നിന് താളിപ്പടത്ത് മൈതാനത്തിൽ നടക്കുന്ന ചടങ്ങ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. രാവിലെ കാസർകോട് മധൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം കേരള പദയാത്രയോടനുബന്ധിച്ച് ജില്ലയിലെ മറ്റ് പരിപാടികൾക്ക് കെ സുരേന്ദ്രൻ തുടക്കം കുറിക്കും. ആദ്യ ദിവസത്തെ പദയാത്ര മേൽപ്പറമ്പിൽ സമാപിക്കും.
നാളെ രാവിലെ 10: 30 ന് കുമ്പളയിൽ നടക്കുന്ന കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി കെ.സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്‌കാരിക നേതാക്കളുടെ സ്നേഹ സംഗമം പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
29-ന് കണ്ണൂരിലും 30-ന് വയനാട്ടിലും ജനുവരി 31-ന് വടകരയിലും പദയാത്ര നടക്കും. ഫെബ്രുവരി 3 മുതൽ 7 വരെ ആറ്റിങ്ങൽ, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലും പദയാത്ര നടക്കും. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിൽ ഫെബ്രുവരി 9 മുതൽ 12 വരെ നടക്കും. ഫെബ്രുവരി 14-ന് ഇടുക്കിയിലും 15-ന് ചാലക്കുടിയിലും. ഫെബ്രുവരി 19 മുതൽ 21 വരെ മലപ്പുറം, കോഴിക്കോട്, ആലത്തൂർ മണ്ഡലങ്ങളിൽ നടക്കും. കേരള പദയാത്ര 23-ന് പൊന്നാനിയിലും 24-ന് എറണാകുളത്തും 26-ന് തൃശൂരിലും നടക്കും. 27 ന് പാലക്കാടാണ് കേരളപദയാത്രയുടെ സമാപനം.
കേരള പദയാത്രയുടെ ഭാഗമായി എല്ലാ ദിവസവും വിവിധ കേന്ദ്രമന്ത്രിമാരും കേന്ദ്ര നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. പരിപാടിയിൽ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള ചർച്ചകളും നടക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾ ഉൾപ്പെടെ 25,000 പേർ കേരള പദയാത്രയിൽ പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളിൽ അംഗമാകാൻ കേരള പദയാത്ര കേരളത്തിലെ ജനങ്ങൾക്ക് അവസരമൊരുക്കും. അതിനായി പ്രത്യേക ഹെൽപ്പ് ഡെസ്‌കുകളും ഉണ്ടാകും.















