തിരുവനന്തപുരം: കൊല്ലത്ത് വച്ച് തനിക്കുനേരെയുണ്ടായ ആക്രമണത്തിൽ പോലീസിന്റെ നിഷ്ക്രിയത്വത്തെ ശക്തമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ പോലീസ് നിലപാടിൽ പ്രതിഷേധിച്ച അദ്ദേഹത്തിന് കേന്ദ്രം സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇത് 4-ാം തവണയാണ് ഗവർണർക്ക് നേരെ എസ്എഫ്ഐ ഗുണ്ടാക്രമണം നടക്കുന്നത്.
”17 പേർക്ക് പുറമേ കണ്ടാലറിയാവുന്ന 5 പേർക്കുമെതിരെയാണ് പോലീസ് എഫ്ഐആർ എടുത്തിരിക്കുന്നത്. ആകെ മൊത്തം 22 പേരാണ് പ്രതിഷേധിക്കാനുണ്ടായിരുന്നത്. 100-ലധികം പോലീസുകാരാണ് അവിടെയുണ്ടായിരുന്നത്. ഇത്രയും പേരെ നിയന്ത്രിക്കാൻ എന്തുകൊണ്ടാണ് പോലീസിനാകാത്തത്.
കേന്ദ്രമന്ത്രിസഭയിൽ പോലീസ് വകുപ്പിന്റെ ചുമതലയാണ് താൻ വഹിച്ചിരുന്നത്. അതിനാൽ തന്നെ കേരളത്തിലെ പോലീസിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണുള്ളത്. രാജ്യത്തെ മികച്ച പോലീസ് സേനകളിൽ ഒന്നായാണ് കേരളാ പോലീസിനെ ഞാൻ കാണുന്നത്. എന്നാൽ, അവരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. രാഷ്‌ട്രീയ നേതൃത്വമാണ് അതിന് അനുവദിക്കാത്തത്. അതിന്റെ തലവൻ മുഖ്യമന്ത്രിയാണ്. അതിനാൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
കണ്ണൂർ സർവകലാശാല വിസി നിയമനത്തിൽ തന്റെ മേൽ വലിയ സമ്മർദ്ദമാണ് ഉണ്ടായിരുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തെ തുടർന്നാണ് ആ ഫയലിൽ ഒപ്പിട്ടത് തന്നെ. എങ്കിൽ കൂടി അത് നിയമവിരുദ്ധമാണെന്ന കാര്യത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. കണ്ണൂർ രാഷ്‌ട്രീയത്തെ എല്ലാവർക്കും അറിയാം. പാർട്ടി മാറിയതിന് വ്യക്തികളെ കൊലപ്പെടുത്തുന്നവരാണ് സിപിഎം. എന്നാൽ ഞാൻ അങ്ങനെ ഭയപ്പെടുന്ന വ്യക്തിയല്ല. എനിക്കിപ്പോൾ 72 വയസുണ്ട്. ദേശീയ ശരാശരിക്ക് മുകളിൽ പ്രായമെത്തി അധികമായി ലഭിച്ച സമയത്താണ് ഇപ്പോൾ ജീവിക്കുന്നത്. 35-ാം വയസിൽ ഭയപ്പെട്ടിട്ടില്ല. പിന്നെയാണ് ഈ കാലത്ത്.
സ്വാമി വിവേകാനന്ദനാണ് എന്റെ മാർഗദർശി. സ്വാമിവിവേകാനന്ദൻ പറഞ്ഞതാണ് എന്റെ നിലപാട്. ബുദ്ധിമുട്ടുകളെയും ദുരിതങ്ങളെയും നേരിടണം. നാം നിലപാടുകളിൽ ഉറച്ചുനിന്നാൽ ഈ ബുദ്ധിമുട്ടുകളും ദുരിതങ്ങളും കുരങ്ങന്മാരെ പോലെ ഓടിയൊളിക്കും. എന്റെ സുരക്ഷയ്‌ക്കായ് കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര സർക്കാരിന്റെ സ്വന്തം തീരുമാനമാണ് അത്. 1985-ൽ എനിക്കുനേരെ ആക്രണങ്ങളുണ്ടായിട്ടുണ്ട്. അന്ന് പോലും സുരക്ഷയ്‌ക്ക് ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാന സർക്കാരിലുള്ള വിശ്വാസത്തിൽ വന്ന വീഴ്ചയാകും സിആർപിഎഫ് സുരക്ഷയിലേക്ക് നയിച്ചത്.” – ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.