ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ കണ്ടെന്നും വളരയധികം ഇഷ്ടമായെന്നും സംവിധായകൻ അനുരാഗ് കശ്യപ്. നിരവധിപേർ ആ സിനിമയെ താഴ്‌ത്തികെട്ടാൻ ശ്രമിക്കുന്നെന്നാണ് ഞാൻ കേട്ടതെന്നും അനുരാഗ് കശ്യപ് പറഞ്ഞു. പ്രേക്ഷകർ മുൻവിധിയോടു കൂടി സിനിമ കാണാൻ പോയതിനാലാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും മനസിൽ ഒന്നും വെക്കാതെ വേണം സിനിമ കാണാൻ പോകേണ്ടതെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അനുരാഗ് കശ്യപ്.
‘ഇന്നത്തെ സമൂഹത്തലെ ഫിലിം ക്രിട്ടിക്സിനെ ഞാൻ വലിയ കാര്യമായിട്ടൊന്നും എടുക്കാറില്ല കാരണം, ഇന്ന് എല്ലാവരും ക്രിട്ടിക്സാണ്. പ്രേക്ഷകർക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരിക്കലും നെഗറ്റീവ് ക്രിറ്റിക്സ് കൊണ്ട് നല്ലൊരു സിനിമയെ നശിപ്പിക്കാൻ കഴിയില്ല.
അടുത്തിടെ ഞാനൊരു സിനിമ കണ്ടു, മലൈക്കോട്ടൈ വാലിബനെന്നാണ് ആ ചിത്രത്തിന്റെ പേര്. ആ സിനിമ ചെയ്യാനുള്ള സംവിധാകന്റെയും അണിയറപ്രവർത്തകരുടെയും ധൈര്യം കൊണ്ടും പുതുതായി ചിലത് സിനിമാ മേഖലയ്‌ക്കായി ചെയ്യുന്നെന്ന കാരണത്താലും ചിത്രം വളരെ എനിക്ക് ഇഷ്ടമായി. ആ സിനിമയെ എല്ലാവരും താഴ്‌ത്തികെട്ടാൻ ശ്രമിക്കുന്നെന്നാണ് ഞാൻ കേട്ടത്. എന്നാൽ എനിക്ക് ആ സിനിമ വളരെ അധികം ഇഷ്ടമായി.
പ്രേക്ഷകർ തിയേറ്ററിൽ എന്താണ് കാണേണ്ടതെന്ന് മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടാകും. അങ്ങനെ വരുമ്പോൾ സ്ക്രീനിൽ കാണുന്നത് നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല. ഒരു പ്രേക്ഷകൻ എന്ന നിലയിൽ എപ്പോഴും മൈൻഡ് ബ്ലാങ്കാക്കിയാണ് ഞാൻ തിയേറ്ററിൽ പോകുന്നത്. മലൈക്കോട്ടൈ വാലിബൻ കാണാൻ പോകുമ്പോൾ ഞാൻ പ്രതീക്ഷിക്കുന്നത് അങ്കമാലി ഡയറീസോ, ഈ മ യൗ കാണാനല്ല, മലൈക്കോട്ടൈ വാലിബൻ കാണാൻ മാത്രമാണ് പോകുന്നത്. പുതുതായിട്ട് ലിജോ എന്താണോ ചെയ്യാൻ നോക്കിയതെന്നും മോഹൻലാൽ എങ്ങനെയാണ് ആക്ഷൻ സീനുകൾ ചെയ്തിരിക്കുന്നതെന്നും കാണാനാണ് ഞാൻ പോകുന്നത്. ഞങ്ങൾ പ്രതീക്ഷിച്ച മോഹൻലാലും ലിജോയും ഇതല്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. അവിടെ, തെറ്റ് പറ്റിയിരിക്കുന്നത് പ്രേക്ഷകനാണ്. കാരണം നിങ്ങളുടെ എക്സ്പെറ്റേഷനാണ് മോഹൻലാലും ലിജോയും ഇങ്ങനെ മാത്രമേ സിനിമ ചെയ്യാവൂ എന്നത്.’- അനുരാഗ് കശ്യപ് പറഞ്ഞു.















