പാട്ന: വരുവർഷങ്ങളിൽ കൂടുതൽ ഒഴിവുകൾ റെയിൽവേയിലുണ്ടാകുമെന്നും യഥാക്രമം നിശ്ചിത ഒഴിവുകൾ കണ്ടെത്താൻ റെയിൽവേ നടപടി സ്വീകരിച്ചതായും ഈസ്റ്റ് സെൻട്രൽ റെയിൽവേ ജി.എം അനിൽകുമാർ ഖൻഡെൽവൽ പറഞ്ഞു. പോയവർഷം ഒന്നരലക്ഷത്തോളം ഒഴിവുകൾ നികത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
‘റെയിൽവേ പുതിയൊരു റിക്രൂട്ട്മെന്റ് നടപടിക്രമം തുടങ്ങിയിട്ടുണ്ട്. എല്ലാം വർഷവും ഇനിമുതൽ നിശ്ചിത ഒഴിവുകൾ ഉണ്ടാകും. റെയിൽവേയുടെ ഘടനയും അഡ്മിനിസ്ട്രേഷനും വളരുന്നതിനനുസരിച്ചാകും ഇത്. വിവിധ വിഭാഗങ്ങളിലായിട്ടാകും ഒഴിവുകൾ നികത്തുക. അസിസ്റ്റന്റ് ലോക്കോ പൈലറ്റിന്റെ 5,696 ഒഴിവുകൾ നികത്താൻ ജനുവരി 20ന് തന്നെ നടപടി ക്രമങ്ങൾ ആരംഭിച്ചിരുന്നു. എല്ലാ ഉദ്യോഗാർത്ഥികൾക്കും റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ മികച്ച അവസരങ്ങൾ നൽകുന്നുണ്ട്. ഒരു പക്ഷേ ഈ വർഷം വിജയിക്കാൻ സാധിക്കാത്തവർക്ക് വരുന്ന വർഷം അവസരമുണ്ടാകും.
നേരത്തെയൊക്കെ റെയിൽവെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വരുന്നത് മൂന്നു വർഷത്തിലോ നാലു വർഷത്തിലോ ഒരിക്കലാകും. എന്നാൽ ഇന്നത് മാറി. ഇനി എല്ലാവർഷവും ഒഴിവുകൾ വരും, അവ കൃത്യമായി നികത്തപ്പെടും. ഈ വർഷം തുടങ്ങിയപ്പോൾ തന്നെയാണ് ലോക്കോ പൈലറ്റിനായുള്ള നോട്ടിഫിക്കേഷൻ നൽകിയത്”- അനിൽകുമാർ പറഞ്ഞു.