അയോദ്ധ്യ: വാരണാസിയിലെ ജ്ഞാൻവാപി തർക്ക കേസുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുറത്തിറക്കിയ സർവേ റിപ്പോർട്ടിൽ പ്രതികരിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ക്ഷേത്രത്തിന്റെ മുകളിലാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. ആരുടെയെങ്കിലും വാക്കുകൾ കേട്ട് പ്രശ്നം സൃഷ്ടിക്കാതെ തർക്ക സ്ഥലം മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് വിട്ടു നൽകണമെന്നും ആചാര്യ സത്യേന്ദ്ര ദാസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“ശരീഅത്ത് പ്രകാരം മുസ്ലീങ്ങൾക്ക് ജ്ഞാനവാപി മസ്ജിദിൽ നിസ്കരിക്കാൻ കഴിയില്ല. എന്തെന്നാൽ വിഗ്രഹാരാധന നടന്നിരുന്ന ക്ഷേത്രത്തിന്റെ മുകളിലാണ് ജ്ഞാൻവാപി മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. അവിടെ ഹിന്ദു ദേവതകളുണ്ട്. ഈ മസ്ജിദ് പണിതിരിക്കുന്നത് ക്ഷേത്രത്തിന് മുകളിലാണെന്ന് തെളിഞ്ഞാൽ സ്ഥലം ഹിന്ദുക്കൾക്ക് നൽകണം”.
“ജ്ഞാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലം സ്വയം ഹിന്ദുക്കൾക്ക് വിട്ടു നൽകുന്നതിലൂടെ സഹോദര്യം നിലനിൽക്കും. അവിടെ ഹിന്ദുക്കൾ ക്ഷേത്രം നിർമ്മിച്ച് ആരാധന തുടങ്ങട്ടെ. കുറച്ച് പേരുടെ വാക്കുകൾ കേട്ട് മുസ്ലീം സഹോദരങ്ങൾ പ്രകോപിതരാകരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മുടെ പരസ്പര ബന്ധങ്ങൾ സംരക്ഷിക്കപ്പെടുകയും സാഹോദര്യം നിലനിൽക്കുകയും ചെയ്യണം”- ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.