ന്യൂഡൽഹി: മൻ കി ബാത്തിന്റെ 109-ാം പതിപ്പിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വർഷത്തെ റിപ്പബ്ലിക് ദിനപരേഡ് അത്ഭുതകരമായിരുന്നെന്നും കർത്തവ്യപഥിൽ സ്ത്രീശാക്തീകരണമാണ് നാം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് ദിനപരേഡിലെ നാരീശക്തിയാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. കേന്ദ്ര സുരക്ഷാ സേനയുടെയും ഡൽഹി പോലീസിന്റെയും വനിതാ സംഘങ്ങൾ കർത്തവ്യപഥിൽ നടന്നപ്പോൾ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർന്നു. പരേഡിൽ നിരന്ന എല്ലാ കലാകാരും സ്ത്രീകളായിരുന്നു.1,500 പെൺമക്കൾ സാംസ്കാരിക പരിപാടികളിൽ പങ്കെടുത്തു.
നാവികം, വ്യോമയാനം, സൈബർ, ബഹിരാകാശം എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീശക്തി രാജ്യത്തെ സംരക്ഷിക്കുന്നു. നമ്മുടെ രാജ്യത്തെ സ്ത്രീകൾ എല്ലാ മേഖലകളിലും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. സ്ത്രീകൾ ഇന്ന് സാമ്പത്തിക ഭദ്രത കൈവരിക്കുന്നു. സ്ത്രീകളുടെ നേതൃത്വത്തിൽ രാജ്യത്ത് സ്വയം സഹായ സംഘങ്ങൾ വർദ്ധിച്ചു.
രാജ്യത്തെ പ്രതിഭകളായ കായിര താരങ്ങളെ രാഷ്‌ട്രപതി ഭവനിൽ അർജുന അവാർഡ് നൽകി ആദരിച്ചു. അവിടെയും എല്ലാവരെയും അതിശയിപ്പിച്ചത് പെൺകുട്ടികളുടെ നേട്ടമാണ്. 13 വനിതാ അത്‌ലറ്റുകൾക്കാണ് അർജുന അവാർഡ് ലഭിച്ചത്. ഇത് രാജ്യത്തിന് എക്കാലവും അഭിമാനം ഉളവാക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.















