ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മൻ കി ബാത് ശ്രവിച്ച് മുതിർന്ന ബിജെപി നേതാക്കൾ. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, മീനാക്ഷി ലേഖി, രാജസ്ഥാൻ മന്ത്രി രാജ്യവർദ്ധൻ റാത്തോഡ്, പാർട്ടി നേതാവ് ബൻസൂരി സ്വരാജ് എന്നിവർ ഡൽഹിയിൽ മൻ കി ബാത് ശ്രവിച്ചു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഡെറാഡൂണിൽ ബിജെപി നേതാക്കളോടൊപ്പമിരുന്ന് മൻ കി ബാത് ശ്രവിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ മറ്റ് ബിജെപി നേതാക്കളോടൊപ്പമിരുന്നാണ് മൻ കി ബാത് കേട്ടത്.
ഈ വർഷത്തെ ആദ്യ മൻ കി ബാതാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. മൻ കി ബാത്തിന്റെ 109-ാം പതിപ്പാണിത്. അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ ഒരുമിച്ച് കൊണ്ടുവന്നുവെന്നും വികസിത ഭാരതത്തെക്കുറിച്ചുള്ള നമ്മുടെ പ്രതിജ്ഞയുടെ അടിത്തറയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.















