പട്‌ന: മഹാസഖ്യം തകർന്നടിഞ്ഞതോടെ ബിഹാറിൽ പുതിയ എൻഡിഎ സർക്കാർ അധികാരത്തിലെത്തി. മുഖ്യമന്ത്രിയായി വീണ്ടും നിതീഷ് കുമാർ ചുമതലയേറ്റു. ഒപ്പം മറ്റ് എട്ട് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായി അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ അടക്കമുള്ളവർ എത്തിയിരുന്നു. ഇത് ഒമ്പതാം തവണയാണ് മുഖ്യമന്ത്രിയായി നിതീഷ് അധികാരമേൽക്കുന്നത്.
#WATCH | Nitish Kumar takes oath as Bihar CM for the 9th time after he along with his party joined the BJP-led NDA bloc.#BiharPolitics pic.twitter.com/v9HPUQwhl3
— ANI (@ANI) January 28, 2024
എൻഡിഎ സർക്കാരിനെ താഴെയിറക്കാൻ ഒന്നിച്ച പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിൽ അധികാരത്തിനായുള്ള വാക്പോരുകൾ രൂക്ഷമായതോടെ അഭിപ്രായ ഭിന്നത പതിവായിരുന്നു. പഞ്ചാബിലും ബംഗാളിലും അതത് സർക്കാരുകൾ ഇൻഡി സഖ്യത്തെ തള്ളിപ്പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മഹാപ്രതിപക്ഷ സഖ്യത്തെ ചീട്ടുകൊട്ടാരം പോലെ തകർത്തുകൊണ്ട് ജെഡിയു പുറത്തുവന്നത്. ആർജെഡിയും കോൺഗ്രസും അടങ്ങിയ ബിഹാറിലെ മഹാസഖ്യത്തെ ഉപേക്ഷിച്ച ജെഡിയുവിന്റെ തീരുമാനം ഇൻഡി മുന്നണിക്ക് കനത്ത തിരിച്ചടിയായി. ഇതോടെ ബിഹാറിലും എൻഡിഎ സർക്കാർ അധികാരത്തിലെത്തിയിരിക്കുകയാണ്.















