പട്‌ന: ബിഹാറിൽ അധികാരത്തിലേറിയ എൻഡിഎ സർക്കാരിനും മുഖ്യമന്ത്രി നിതീഷ് കുമാറിനും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനമുണ്ടാകാത്ത ഒരു കല്ലു പോലും ബീഹാറിൽ അവശേഷിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ഇൻഡി മുന്നണി വിട്ട് എൻഡിഎയുടെ ഭാഗമായ നീതീഷ് കുമാർ, ഇത് ഒമ്പതാം തവണയാണ് ബീഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. ഇന്ന് വൈകീട്ട് നടന്ന ചടങ്ങിൽ നിതീഷ് കുമാറിനെ കൂടാതെ എട്ട് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
“ബിഹാറിൽ രൂപീകരിച്ച എൻഡിഎ സർക്കാർ സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങളുടെ അഭിലാഷങ്ങൾക്കും വേണ്ടി പ്രവർത്തിക്കും. വികസനമുണ്ടാകാത്ത ഒരു കല്ലു പോലും ബീഹാറിൽ അവശേഷിക്കില്ല. മുഖ്യമന്ത്രിയായ നിതീഷ് കുമാറിനും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത സാമ്രാട്ട് ചൗധരിക്കും വിജയ് സിൻഹക്കും അഭിനന്ദനങ്ങൾ. ഈ ടീം ബീഹാറിലെ എന്റെ കുടുംബാംഗങ്ങളെ പൂർണ്ണ സമർപ്പണത്തോടെ സേവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ അടക്കമുള്ളവർ എത്തിയിരുന്നു. മഹാപ്രതിപക്ഷ സഖ്യത്തെ ചീട്ടുകൊട്ടാരം പോലെ തകർത്തുകൊണ്ടാണ് ഇൻഡി മുന്നണിക്ക് നിതീഷ് കുമാർ കനത്ത തിരിച്ചടി നൽകിയിരിക്കുന്നത്. നിതീഷ് കുമാറിന്റെ പിന്മാറ്റത്തോടു കൂടി ഇൻഡി സഖ്യത്തിന്റെ പ്രതീക്ഷകളെല്ലാം തകർന്നിരിക്കുകയാണ്.















