പാലക്കാട്: മാങ്ങാ മോഷ്ടാക്കളെക്കൊണ്ട് പൊറുതിമുട്ടി കർഷകർ. പാലക്കാട് ജില്ലയിലെ മാവിൻ തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പട്ടാഞ്ചേരി പഞ്ചായത്തുകളിലെ മാവിൻ തോട്ടങ്ങളിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മോഷണം നടക്കുന്നത്. ഇവിടുത്തെ 10,000 ഹെക്ടറിലധികം വരുന്ന തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം.
കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ലക്ഷക്കണക്കിന് രൂപയുടെ മാങ്ങയാണ് മോഷണം പോയത്. വിപണിയിൽ ഒരു കിലോയ്‌ക്ക് 160 രൂപ വിലയുള്ള 800 കിലോ മാങ്ങയാണ് കഴിഞ്ഞ ദിവസം മാത്രം മോഷണം പോയത്. വിവിധ സ്ഥലങ്ങളിലേക്ക് കയറ്റുമതി ലക്ഷ്യമിട്ടാണ് ഇവിടെ കർഷകർ കൃഷി ഇറക്കിയത്. എന്നാൽ മാങ്ങാ മോഷണം സ്ഥിരമായതോടെ പാകമാകുന്നിന് മുൻപേ വിളവെടുക്കേണ്ടുന്ന അവസ്ഥയാണ് കർഷകർക്ക്.
മോഷ്ടാക്കളുടെ ശല്യം വർദ്ധിച്ചതോടെ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ കുറഞ്ഞ വിലയ്‌ക്ക് മാങ്ങ വിൽക്കേണ്ട അവസ്ഥയിലാണ്. മോഷ്ടാക്കളെ ഭയന്ന് രാത്രിയിൽ തോട്ടങ്ങളിൽ തന്നെ കാവലിരിക്കുകയാണ് കർഷകർ. തോട്ടങ്ങളിൽ സിസിടിവി സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണ്. സംഭവത്തിൽ നിരവധി തവണ പോലീസിൽ പരാതിപ്പെട്ടെങ്കിലും മോഷ്ടാക്കളെ പിടിക്കാനായിട്ടില്ല.















