സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് അടുത്തിടെ പുറത്തു വരുന്നത്. പുതിയ കെണികൾ പരീക്ഷിക്കുന്നു എന്നതിനാൽ മുൻകരുതലുകൾ പലപ്പോഴും പാളിപ്പോകുകയാണ് ചെയ്യുന്നത്. അടുത്തിടെ വീഡിയോ കോളുകൾ മുഖേനയാണ് തട്ടിപ്പ് നടന്നു വരുന്നത്. ഇത് സംബന്ധിച്ച പരാതി വ്യാപകമായ പശ്ചാത്തലത്തിൽ കേരളാ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.
പോസ്റ്റ്….
തട്ടിപ്പ് രീതി എങ്ങനെ ?
അപരചിതർ സോഷ്യൽ മീഡിയയിൽ വിഡിയോ കോൾ ചെയ്യും. പെട്ടെന്ന് വിഡിയോ കോൾ വരുമ്പോൾ ആരാണെങ്കിലും കോൾ എടുക്കും. മറുതലയ്‌ക്കൽ നഗ്‌നമായി നിൽക്കുന്ന സ്ത്രീയോ പുരുഷനോ ആകും. വിഡിയോ കോളിൽ നമ്മുടെ മുഖം തെളിയുന്നതോടെ അവർ ഇത് സ്‌ക്രീൻഷോട്ട് ആക്കും. സ്‌ക്രീൻഷോട്ടിൽ നാം നഗ്‌നരായി നിൽക്കുന്ന അപരിചിതരുമായി വിഡിയോ കോൾ ചെയ്യുന്നത് പോലെയാകും. ഈ സ്‌ക്രീൻഷോട്ട് ഉപയോഗിച്ചാണ് പിന്നീടുള്ള ബ്ലാക്ക്മെയിലിംഗ്.
പോംവഴി എന്ത് ?
സോഷ്യൽ മീഡിയ കോൺടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിന് ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നതെന്ന് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്‌ക്കാൻ അവർക്ക് കഴിയും. അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുതെന്നത് മാത്രമാണ് ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി പോംവഴി.