ചെന്നൈ : രാജ്യത്തെ ആദ്യത്തെ വന്ദേ മെട്രോ ഉടൻ അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു . രാജ്യത്തെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് സീരീസിന്റെ മിനി പതിപ്പാണ് വന്ദേ മെട്രോ.
ഈ പുതിയ ട്രെയിനിന്റെ നിർമ്മാണവും രൂപകല്പനയും കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഈ പുതിയ പതിപ്പ് പുറത്തിറക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ചെന്നൈയിലെ ഐസിഎഫ്. വന്ദേ മെട്രോ നിലവിലുള്ള സബർബൻ ട്രെയിനുകൾക്ക് പകരം ഘട്ടം ഘട്ടമായി പ്രവർത്തിക്കും.
അതിവേഗത്തിൽ ദൂരയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ വന്ദേ ഭാരത് ട്രാക്കുകൾ കീഴടക്കിയിരിക്കുകയാണ്. രാജ്യത്തിന്‍റെ വിവിധ കോണുകളിലേക്ക് വന്ദേ ഭാരത് എക്സ്പ്രസുകൾ നിലവിൽ വിജയകരമായി സർവീസ് നടത്തുന്നുമുണ്ട്.
ഇപ്പോഴിതാ ഇന്‍റർസിറ്റി യാത്രകൾക്കായി വന്ദേ മെട്രോ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് വന്ദേ മെട്രോയുടെ വരവ്. ഈ വർഷം മാർച്ചിൽ ആദ്യ വന്ദേ മെട്രോ ട്രെയിൻ പുറത്തിറങ്ങും. ഇൻ്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ ബിജി മല്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വന്ദേ ഭാരത് സീരീസിന്റെ മിനി പതിപ്പ് വലിയ ജനവാസ കേന്ദ്രങ്ങളുള്ള വലിയ നഗരങ്ങളിൽ പ്രവർത്തിക്കുമെന്ന് കഴിഞ്ഞ വർഷം അശ്വിനി വൈഷ്ണവ് പറഞ്ഞു . 130 കിലോമീറ്ററാണ് പരമാവധി വേഗം .
‘ഐസിഎഫിന് രണ്ട് പ്രധാന പ്രോജക്ടുകളാണ് ഇപ്പോഴുള്ളത്. ആദ്യത്തേത് വന്ദേ മെട്രോ പദ്ധതിയാണ്. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ഇവ ഇന്‍റർ സിറ്റി ട്രെയിൻ സർവീസ് ആയിരിക്കും. ഈ വർഷം മാർച്ചോടെ ആദ്യത്തെ പ്രോട്ടോടൈപ്പ് വന്ദേ മെട്രോ പുറത്തിറക്കും.’ ഐസിഎഫ് മാനജേർ മല്യ പറഞ്ഞു. ഫാക്ടറിയുടെ രണ്ടാമത്തെ പ്രൊജക്ട് ജമ്മു കശ്മീരിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് റേക്കാണെന്നും മല്യ വ്യക്തമാക്കി.
ഹ്രസ്വദൂര റൂട്ടുകളിലാണ് സർവീസെങ്കിലും പാസഞ്ചർ ട്രെയിനുകൾക്കുള്ള എല്ലാ സ്റ്റോപ്പുകളിലും നിർത്തുന്ന രീതി വന്ദേ മെട്രോയ്‌ക്ക് ഉണ്ടാകില്ല. വന്ദേ ഭാരത് ട്രെയിനുകളിലേതിന് സമാനമായ സൗകര്യങ്ങളുമായാകും വന്ദേ മെട്രോയും ട്രാക്കിലിറങ്ങുക.















