ജയ്പൂർ: മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിലൂടെ പ്രചരണം നടത്തിയ കശ്മീർ സ്വദേശി രാജസ്ഥാനിലെ ചിത്തോർഗഡിൽ നിന്നും പിടിയിൽ. കശ്മീർ സ്വദേശിയായ സൊഹ്രാബ് ഖയൂമാണ് പിടിയിലായത്. മേവാർ സർവകലാശാലയിൽ ബി.ഫാം വിദ്യാർത്ഥിയാണ് പിടിയിലായ 21 കാരൻ.
സൊഹ്രാബ് ഖയൂം തന്റെ ഇൻസ്റ്റഗ്രാമിൽ മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റ് പങ്കുവച്ചതായി പോലീസ് പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ജനുവരി 25 ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഖയൂം പിടിയിലാകുകയായിരുന്നു. ഐപിസി 153എ, 295എ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
സൊഹ്രാബിനെ സർവകലാശാലയിൽ നിന്നും പുറത്താക്കിയതായി മേവാർ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഹരീഷ് ഗുർനാനി അറിയിച്ചു. മതവിദ്വേഷം പ്രചരിപ്പിച്ച വിദ്യാർത്ഥിക്കെതിരെ സാധ്യമായ എല്ലാനിയമ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.















