ന്യൂഡൽഹി : ജ്ഞാൻവാപി സമുച്ചയത്തിൽ രാമജന്മഭൂമി മാതൃകയിൽ ഖനനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം ഇന്ന് സുപ്രീം കോടതിയിൽ ഹർജി നൽകും. സീൽ ചെയ്ത വജൂഖാനയുടെ എഎസ്ഐ സർവേയും ഹിന്ദു വിഭാഗം ആവശ്യപ്പെടും . വജൂഖാനയുടെ ശാസ്‌ത്രീയ സർവേയിലൂടെ മാത്രമേ ശിവലിംഗമാണോ ഉറവയാണോ എന്ന യാഥാർത്ഥ്യം വ്യക്തമാകൂവെന്ന് ഹിന്ദു പക്ഷ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.
എഎസ്ഐയുടെ സർവേ റിപ്പോർട്ടിൽ ജ്ഞാൻവാപിയെ നാഗർ ശൈലിയിലുള്ള ക്ഷേത്രമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കാശി വിശ്വനാഥ ക്ഷേത്രം ഈ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ജ്ഞാൻവാപി ഒരു വലിയ ഹിന്ദു ക്ഷേത്രം കൂടിയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്രത്തിന്റെ ഘടന അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സമാനമാണ്.
പ്രവേശനത്തിന് ശേഷം രണ്ട് മണ്ഡപങ്ങളും ശ്രീകോവിലുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പോലും, പ്രവേശിച്ച ശേഷം, ഒരു പവലിയൻ മാത്രമാണുള്ളത്. ‘റാം’ എന്ന് ആലേഖനം ചെയ്ത കല്ലും , ഹൈന്ദവ ദേവതകളുടെ 55 ശിൽപങ്ങളും, 15 ശിവലിംഗങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു .
ജ്ഞാനവാപിയുടെ നിലവിലുള്ള ഘടനയ്‌ക്ക് ഒരു തരത്തിലും കേടുപാടുകൾ സംഭവിക്കാത്ത വിധത്തിൽ ഖനനം നടത്തണമെന്നാകും ആവശ്യപ്പെടുന്നതെന്ന് വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.















