തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ശാന്തി നിയമനത്തിനായി ഇന്നലെ നടത്തിയ പരീക്ഷ സിപിഎം അട്ടിമറിച്ചതായി പരാതി. പൊതുവിജ്ഞാന ചോദ്യങ്ങളും വസ്തുതാപരമായ പിശകുകളും ധാരാളമായി ഉൾപ്പെടുത്തി ചോദ്യപ്പേപ്പർ തയ്യാറാക്കിയത് പാർട്ടിക്കാരെ ശാന്തിക്കാരായി തിരുകിക്കയറ്റി ഹൈന്ദവാചാരങ്ങൾ അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് എന്ന് സംശയിക്കുന്നു.
ഹിന്ദു ക്ഷേത്രങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളും തിരുകിക്കയറ്റിയിട്ടുണ്ട്. തെറിപ്പാട്ട് ആചാരമായ ക്ഷേത്രമേത് എന്നതാണ് 92 -ാമത്തെ ചോദ്യമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണിപ്പാട്ട് എന്നാണ് സാധാരണ പ്രയോഗം എന്നിരിക്കെ തെറിപ്പാട്ട് എന്ന അവഹേളനപരമായ പദം ഉപയോഗിച്ചത് ദുരുദ്ദേശത്തോടെയാണ് എന്ന് വ്യക്തം.
53 , 93 എന്നിങ്ങിനെ കേരളത്തിലെ സൂര്യക്ഷേത്രത്തെക്കുറിച്ച് ഉൾപ്പെടുത്തിയ ചോദ്യങ്ങൾ വസ്തുതാപരമായി പിശകുമാണ്. കേരളത്തിൽ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല എതെന്നാണ് 53 -ാമത്തെ ചോദ്യം. കേരളത്തിലെ ഏക സൂര്യക്ഷേത്രം എതെന്നാണ് 93 -ാമത്തെ ചോദ്യം. കോട്ടയം ജില്ലയിലെ ആദിത്യപുരം ക്ഷേത്രത്തിനെയാണ് ചോദ്യം തയ്യാറാക്കിയവർ ഉദ്ദേശിച്ചിരിക്കുന്നത്. കേരളത്തിലെ ഏകക്ഷേത്രമല്ല ആദിത്യപുരം . കോത്തലസൂര്യക്ഷേത്രം, ആലപ്പുഴ ജില്ലയിലെ മാന്നാർ ഇരമത്തൂർ ആദിച്ചപുരം സൂര്യക്ഷേത്രം എന്നിവ മറ്റു സൂര്യക്ഷേത്രങ്ങളാണ്. ഇവയല്ലാതെ വേറെയും സൂര്യക്ഷേത്രങ്ങൾ കേരളത്തിലുണ്ട്.
മന്ത്രശാസ്ത്രത്തെ ക്കുറിച്ച് സാമാന്യ ധാരണപോലുമില്ലാത്ത ആരോ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ ചോദ്യപ്പേപ്പർ തയ്യാറാക്കിയതെന്ന് വ്യക്തമാക്കുന്നതാണ് സൂര്യഗായത്രിയുടെ ദേവതയേത് എന്നുള്ള 56 -ാമത്തെ ചോദ്യം. ഇതിന്റെ ഉത്തരമായി ബ്രഹ്‌മാവ്, പ്രജാപതി, സവിതാവ്, വിശ്വാമിത്രൻ എന്നിങ്ങനെ നാല് പേരുകൾ നൽകിയിട്ടുണ്ട്. സവിതാവ് എന്ന് ഉത്തരം വരണം എന്ന ഉദ്ദേശത്തോടെയാണ് ചോദ്യം എന്ന് വ്യക്തം. ചോദ്യകർത്താവ് ഉദ്ദേശിച്ചിരുന്ന ” ഓം തത് സവിതുർ വരേണ്യം” എന്ന് തുടങ്ങുന്ന ഗായത്രീ മന്ത്രം സവിതാഗായത്രിയാണ്. “ഓം ആദിത്യായ വിദ്മഹേ ദിവാകരായ ധീമഹി തന്നോ സൂര്യ: പ്രചോദയാത്”,എന്നോ “ഓം ഭാസ്‍കരായ വിദ്മഹേ മഹദ് ദ്യുതികരായ ധീമഹി തന്നോ സൂര്യ: പ്രചോദയാത്” എന്നോ ഉള്ള മന്ത്രങ്ങളാണ് സൂര്യഗായത്രിയായി ഉപയോഗിക്കുക.
ഒരേ ക്ഷേത്രങ്ങളെ സംബന്ധിച്ച ഒന്നിലധികം ചോദ്യങ്ങൾ ഉൾപ്പെടുത്തിയതും സംശയാസ്പദമാണ്.കൊടുങ്ങല്ലൂർ, ആറ്റുകാൽ ക്ഷേത്രങ്ങളെ സംബന്ധിച്ചു മൂന്നു വീതം ചോദ്യങ്ങൾ, ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീനാരായണ ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠയെക്കുറിച്ചു തിരിച്ചും മറിച്ചുമുള്ള രണ്ടു ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയത്. ആദ്യ ചോദ്യം ശ്രീനാരായണഗുരു അരുവിപ്പുറത്ത് നടത്തിയ ദേവപ്രതിഷ്ഠ ആരുടേതാണ് എന്നാണെങ്കിൽ, അടുത്തത് ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ആദ്യത്തെ ക്ഷേത്രം എതെന്നാണ്.
ശാന്തി നിയമനത്തിനുള്ള പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ട നൂറ് ചോദ്യങ്ങളാണ് ഉള്ളത്. പൂജാദി കർമ്മങ്ങളിലെ പ്രാവീണ്യവും അറിവുമാണ് പരിശോധിക്കേണ്ടത്. എന്നാൽ ഈ ചോദ്യപ്പേപ്പറിൽ മന്ത്രത്തെക്കുറിച്ചുള്ള 8 ചോദ്യങ്ങൾ മാത്രമാണ് ഉള്ളത്. ഋഷി ഛന്ദസ് ദേവത എന്നിവയെക്കുറിച്ചുള്ള ഏതാനും ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാലും 15 ചോദ്യങ്ങൾ തികയില്ല. അതേ സമയം മ്യൂറൽ പഗോഡ എന്ന് വിളിക്കുന്ന ക്ഷേത്രമേത്, കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലം ഏത് ക്ഷേത്രത്തിലാണ് ഉള്ളത് എന്ന് തുടങ്ങി ശാന്തികർമ്മവുമായി യാതൊരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങളാണ് കൂടുതൽ.
മലബാറിലെ ക്ഷേത്രങ്ങളെ സംബന്ധിച്ചുള്ള പൊതുവിജ്ഞാനവും ധാരാളമായി തിരുകിക്കയറ്റിയിട്ടുണ്ട്. ഇവയിലെ പലതും അതാത് സ്ഥലങ്ങളിൽ മാത്രം പ്രചാരത്തിലുള്ള വസ്തുതകളാണ്. “കഴകക്കാർ ഇല്ലാത്ത ക്ഷേത്രം ഏതാണ്” എന്ന ചോദ്യം ഉദാഹരണം. ഇങ്ങിനെ മലാബാർ സംബന്ധിയായ കാര്യങ്ങൾ കൂടുതലായി ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തിയത് ആ പ്രദേശങ്ങളിൽ നിന്നുള്ള സിപിഎം കാരായ ആളുകളെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ തിരുകിക്കയറ്റുന്നതിനു വേണ്ടിയാണെന്നാണ് സംശയിക്കുന്നത്. ഇതിനു മുൻപ് ദേവസ്വം ബോർഡ് നടത്തിയ വിവിധപരീക്ഷകളിലും മലബാറിൽ നിന്നുള്ള പാർട്ടിക്കാരായ അവിശ്വാസികൾ ധാരാളമായി ജോലിയിൽ പ്രവേശിക്കുകയുണ്ടായി. ശാന്തി നിയമനത്തിലെ പരീക്ഷക്ക് കുറഞ്ഞ കട്ട് ഓഫ് മാർക്ക് വെച്ച ശേഷം ഇന്റർവ്യൂവിൽ സഹായിച്ച് സിപിഎം പ്രവർത്തകരെ തിരുകിക്കയറ്റാനാണ് നീക്കം.
ശാന്തി നിയമനത്തിനുള്ള പരീക്ഷയിൽ അതുമായി യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചത് പരീക്ഷാർത്ഥികളുടെ ഇടയിൽ വ്യാപകമായ എതിർപ്പുണ്ടാക്കിയിട്ടുണ്ട്. മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് ഇങ്ങിനെ തീരെ നിലവാരമില്ലാത്ത ചോദ്യങ്ങൾ ഉൾപ്പെടുത്തിയതെന്നുപറഞ്ഞു ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്. ഇതും ക്ഷേത്രങ്ങളെ പാർട്ടിക്കമ്മിറ്റികളാക്കാനുള്ള സിപിഎം അജണ്ടയുടെ ഭാഗമാക്കി ശാന്തി നിയമനവും മാറി എന്ന് വ്യക്തമാക്കുന്ന സംഭവ വികാസമാണ്.
നിലവാരം കുറഞ്ഞ ചോദ്യപ്പേപ്പർ ഉള്ള പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ നിയമോപദേശം തേടിയിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ.