പാലക്കാട്: ആലത്തൂരിൽ ബാറിൽ വെടിവെപ്പ്. ഇന്നലെ രാത്രിയോടെയാണ് ബാറിൽ എത്തിയ അഞ്ചംഗ സംഘം വെടിവെയ്പ്പ് നടത്തിയത്. സംഭവത്തിൽ ബാർ മാനേജർ രഘുനന്ദന് വെടിയേറ്റു. വെടിവച്ച അഞ്ചംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നാല് പേർ കഞ്ചിക്കോട് സ്വദേശികളാണ്.
കാവശേരി ഭാഗത്ത് ആറ് മാസം മുമ്പ് ആരംഭിച്ച ബാറിലാണ് വെടിവെപ്പ് നടന്നത്. മദ്യപിക്കാനെത്തിയ അഞ്ചംഗ സംഘം മാനേജരുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇത് വെടിവെപ്പിൽ കലാശിക്കുകയുമായിരുന്നു. മോശം സർവീസാണ് ബാർ ജീവനക്കാർ നൽകുന്നതെന്നു പറഞ്ഞ സംഘം എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. ആസൂത്രണം ചെയ്ത് നടത്തിയ സംഘർഷമാണോ ഇതെന്ന കാര്യം ഉൾപ്പെടെ പോലീസ് അന്വേഷിച്ചു വരികയാണ്.