മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത പുത്തൻ അനുഭവം സമ്മാനിച്ച സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ. മേക്കിംഗ് ശൈലിയും ഫ്രെയിംസും പശ്ചാത്തല സംഗീതവുമെല്ലാം സിനിമയെ വേറിട്ടതാക്കുന്നു. വാലിബൻ എന്ന മല്ലനായി മോഹൻലാൽ പകർന്നാടിയപ്പോൾ ആ കഥാപാത്രത്തിന് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നായി.
മലയാളത്തിന്റെ മോഹൻലാൽ എന്ന് ലിജോ വിശേഷിപ്പിച്ചത് വെറുതെയല്ല എന്ന് സിനിമ കണ്ട ഓരോ പ്രേക്ഷകരും പറയുന്നു. എന്നാൽ വലിയ ഒരു ഹേറ്റ് ക്യാമ്പെയ്നും ചിത്രത്തിനെതിരെ ഉയരുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെ നടക്കുന്ന ഈ ക്യാമ്പെയ്ൻ ലക്ഷ്യമിടുന്നത് മോഹൻലാൽ എന്ന അതുല്യ നടനെ തന്നെയാണ്. ഇത്തരത്തിലുള്ള സൈബർ ആക്രമങ്ങൾ ഈ അടുത്ത കാലത്തുണ്ടായതല്ല. മോഹൻലാൽ സിനിമകൾ തിയേറ്ററിലെത്തുമ്പോഴെല്ലാം ഹേറ്റ് ക്യാമ്പെയ്നും ആരംഭിക്കുന്നു. ഇതിന് ശക്തമായ മറുപടി നൽകി രംഗത്തു വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
’43 വർഷത്തെ അഭിനയജീവിതതത്തിലൂടെ പുതിയ ഭാഷയിലെ ഹേറ്റ് ക്യാമ്പെയ്ൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേര് മോഹൻലാൽ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്. ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്. ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ, ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തീയേറ്ററിൽ എത്താൻ തുടങ്ങി. ഇനി വാലിബന്റെ തേരോട്ടമാണ്. ആ തേരോട്ടത്തിൽ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക. കാരണം ഇത് ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രതിഭയുടെ കയ്യൊപ്പാണ്. ലോക സിനിമയിലേക്ക് മലയാളത്തിന്റെ കയ്യൊപ്പ്’- ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.