ശ്രീനഗർ: ജമ്മുകശ്മീരിൽ മുതിർന്ന നേതാക്കളടക്കം നിരവധി നേതാക്കൾ നാഷണൽ കോൺഫറൻസ് വിട്ട് ബിജെപിയിൽ ചേർന്നു. കത്തുവ ജില്ലാ അദ്ധ്യക്ഷൻ സഞ്ജീവ് കജൂരിയയുടെ നേതൃത്വത്തിലാണ് നേതാക്കൾ ബിജെപിയിൽ ചേർന്നത്. പാർട്ടി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ബിജെപി ജമ്മുകശ്മീർ ഘടകം അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന അംഗത്വം നൽകി സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപിയിലെത്തിയതെന്ന് സഞ്ജീവ് കജൂരിയ പറഞ്ഞു. താഴെക്കിടയിലുള്ള ജനങ്ങൾക്ക് ഗുണം ചെയ്യുന്ന കാര്യങ്ങളാണ് ബിജെപി സർക്കാർ കേന്ദ്രത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭാരതം അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നിൽ തലയുയർത്തി നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങൾ പ്രധാനമന്ത്രിയോടുള്ള വിശ്വാസത്താൽ ബിജെപിയുടെ താമര ചിഹ്നത്തെ ഹൃദയത്തിൽ വഹിക്കുകയാണെന്ന് ബിജെപി ജമ്മുകശ്മീർ ഘടകം അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന പറഞ്ഞു. രാജ്യത്തെ ഓരോ ജനവിഭാഗങ്ങൾക്കും വേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്കായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് തടയിടാനയാണ് പ്രതിപക്ഷ കക്ഷികൾ ചേർന്ന് മുന്നണി രൂപീകരിച്ചത്. എന്നാൽ പ്രധാനമന്ത്രിയുടെ പ്രഭാവത്തിൽ മുന്നണി തകർന്നടിയുകയാണെന്നും റെയ്‌ന പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കേ പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് നാഷണൽ കോൺഫറൻസിനും ഫറൂഖ് അബ്ദുള്ളയ്‌ക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. ജമ്മു മേഖലയ്‌ക്ക് പുറമെ കശ്മീരിലും പാർട്ടി ശക്തി പ്രാപിക്കുന്നതിന്റെ സൂചനയാണ് പാർട്ടിയിലേക്കുള്ള നേതാക്കളുടെ ഒഴുക്കെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.















