ലക്‌നൗ: ഭക്തി സാന്ദ്രമായ അയോദ്ധ്യയിലേക്ക് എത്തുന്ന വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്. മണിക്കൂറോളം യാത്ര ചെയ്തും ക്ഷമയോടെ ക്യൂവിൽ നിന്നുമാണ് ശ്രീരാമചന്ദ്രനെ ദർശിക്കാൻ അവർ എത്തുന്നത്. കഠിന പാതകൾ താണ്ടി രാംനഗരിയിൽ എത്തുന്ന ഓരോ ഭക്തജനങ്ങൾക്കും ചെറു സഹായവുമായി എത്തിയിരിക്കുകയാണ് പേടിഎം.
ഭവ്യമന്ദിരം സന്ദർശിക്കാൻ വിമാനത്തിലും ബസിലും യാത്ര ചെയ്‌തെത്തുന്ന ഭക്തർക്ക് പേടിഎം ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചു. അയോദ്ധ്യയിലേക്ക് വിമാനമാർഗമോ റോഡ് മാർഗമോ തിരഞ്ഞെടുത്ത് ബുക്ക് ചെയ്യുന്ന ഓരോ 10-ാമത്തെ ഉപയോക്താവിനും 100% ക്യാഷ്ബാക്ക് ലഭിക്കുന്നുവെന്ന് പേടിഎം പറയുന്നു. ഇതിനുപുറമെ ബുക്കിംഗ് പിൻവലിക്കണമെന്നുണ്ടെങ്കിലും ഉപയോക്താക്കൾക്ക് സൗജന്യമായി ബുക്കിംഗ് റദ്ദാക്കാൻ കഴിയും. ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് 100% റീഫണ്ട് നൽകുമെന്നും കമ്പനി അറിയിച്ചു. അയോദ്ധ്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ബസ് ബുക്കിംഗിനായി ‘BUSAYODHYA’ എന്ന പ്രമോ കോഡും ഫ്ൈളറ്റ് ബുക്കിംഗുകൾക്ക് ‘FLYAYODHYA’ എന്നതും ഉപയോഗിച്ച് ബുക്ക് ചെയ്യാം.
ബസ് യാത്രക്കാർക്ക് 1,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. വിമാന യാത്രയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഭക്തർക്ക് 5,000 രൂപ വരെയും ക്യാഷ് ബാക്ക് നേടാൻ സാധിക്കും. ബുക്ക് ചെയ്ത ബസിന്റെ തത്സമയ ലൊക്കേഷൻ അവരുടെ കോൺടാക്റ്റുകളുമായി പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ലൈവ് ബസ് ട്രാക്കിംഗ് സേവനവും പേടിഎം വാഗ്ദാനം ചെയ്യുന്നുണ്ട്. അയോദ്ധ്യയിലെത്തുന്ന ഭക്തർക്ക് ഇത്തരത്തിൽ ഒരു ഓഫർ പ്രദാനം ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും വിശ്വാസികൾക്ക് തടസങ്ങളില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് പ്രധാന ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി.















