ഗുവാഹത്തി: സ്ത്രീശാക്തീകരണത്തിന്റെയും ലിംഗസമത്വത്തിന്റെയും പുത്തൻ മാതൃക സൃഷ്ടിച്ച് ടാറ്റ ഗ്രൂപ്പ്. അസാമിൽ ടാറ്റ ഇലക്ട്രോണിക്സ് ലിമിറ്റഡ് ആരംഭിക്കുന്ന സെമികണ്ടക്ടർ പ്ലാന്റിലാണ് തുല്യ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തിയത്. അസാമിൽ നിന്നുള്ള 1800 പെൺകുട്ടികൾക്കാണ് ഇതിലൂടെ നിയമനം ലഭിച്ചത്. നിയമനം ലഭിച്ച പെൺകുട്ടികൾക്കുള്ള പരിശീലനം ബെംഗളൂരുവിൽ ആരംഭിച്ചു.
പ്രാദേശവാസികൾക്കും സ്ത്രീകൾക്കും ജോലി എന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദ്ദേശം ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുകയായിരുന്നു. ബെംഗളൂരുവിൽ നടക്കുന്ന പരിശീലനത്തിന്റെ വീഡിയോ മുഖ്യമന്ത്രി എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.
ഗുവാഹത്തിയിൽ നിന്ന് 55 കിലോമീറ്റർ അകലെ ജാഗിറോഡിലാണ് സെമികണ്ടക്ടർ ഇൻഡസ്ട്രിക്കായി സ്ഥലം കണ്ടെത്തിയിരിരിക്കുന്നത്.
ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന്റെ കീഴിലുള്ള നാഗോൺ പേപ്പർ മിൽ 2021 ൽ പ്രവർത്തനം അവസാനിപ്പിച്ച സ്ഥലത്താണ് പ്ലാന്റ് ഉയരുക. 40,000 കോടി രൂപയുടെ പദ്ധതി യാഥാർത്ഥ്യമാകുന്നതിലൂടെ വ്യാവസായിക വികസനത്തിൽ ഒരു പുതിയ അധ്യായം തുറക്കുകയാണ് അസം സർക്കാർ.















