2024-25 വർഷത്തേക്കുള്ള യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലേക്ക് ഇന്ത്യയിൽ നിന്ന് “മറാത്ത മിലിട്ടറി ലാൻഡ്സ്കേപ്പിനെ” തിരഞ്ഞെടുത്തതായി സംസ്കാരിക മന്ത്രാലയം അറിയിച്ചു. മറാത്ത ഭരണത്തിന്റെ തന്ത്രപരമായ വൈദഗ്ധ്യത്തെ അടയാളപ്പെടുത്തുന്ന സൽഹെർ കോട്ട, ശിവനേരി കോട്ട, ലോഹ്ഗഡ്, ഖണ്ഡേരി കോട്ട, റായ്ഗഡ്, രാജ്ഗഡ്, പ്രതാപ്ഗഡ്, സുവർണദുർഗ്, പൻഹാല ഫോർട്ട്, വിജയ് ദുർഗ്, മഹാരാഷ്‌ട്രയിലെ സിന്ധുദുർഗ്, തമിഴ്‌നാട്ടിലെ ജിംഗി ഫോർട്ട് എന്നിവ 12 ഇടങ്ങളാണ് മറാത്ത മിലിട്ടറി ലാൻഡ്സ്കേപ്പിന്റെ ഭാഗങ്ങൾ.
ഭരണാധികാരികളുടെ മികവും വൈദഗ്ധ്യവും പ്രകടമാകുന്ന ഭൂപ്രദേശം 17-19 നൂറ്റാണ്ടുകൾക്കിടയിലാണ് രൂപം കൊണ്ടത്. 1670 -ൽ മറാഠാ രാജാവായ ഛത്രപതി ശിവാജി മഹാരാജിന്റെ ഭരണകാലത്ത് ആരംഭിച്ച് 1818-യിൽ പേഷ്വാ ഭരണം വരെയുള്ള കാലഘട്ടത്തിലാണ് മികവിന്റെ ഇടങ്ങളായി ഇവ വികസിച്ചത്.
390-ലധികം കോട്ടകളാണ് മഹാരാഷ്‌ട്രയിലുള്ളത്. ഇതിൽ 12 കോട്ടകൾ മാത്രമാണ് മറാത്ത മിലിട്ടറി ലാൻഡ്സ്കേപ്പുകൾക്ക് കീഴിൽ തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ എട്ട് കോട്ടകൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്. ശിവനേരി കോട്ട, ലോഹ്ഗഡ്, റായ്ഗഡ്, സുവർണദുർഗ്, പൻഹാല കോട്ട, വിജയദുർഗ്, സിന്ധുദുർഗ്, ജിംഗീ കോട്ട എന്നിവയാണ് അവ. സൽഹേർ കോട്ട, രാജ്ഗഡ്, ഖണ്ഡേരി കോട്ട, പ്രതാപ്ഗഡ് എന്നിവ മഹാരാഷ്‌ട്ര ഗവൺമെൻ്റിന്റെ പുരാവസ്തു ആൻ്റ് മ്യൂസിയം ഡയറക്ടറേറ്റിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്നു. ലോഹ്ഗഡ്, റായ്ഗഡ്, രാജ്ഗഡ്, ജിംഗീ കോട്ടകൾ മലയോര കോട്ടകളും പ്രതാപ്ഗഡ് കോട്ട വനത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. വിജയദുർഗ് തീരദേശ കോട്ടയാണ്, ഖണ്ഡേരി കോട്ട, സുവർണദുർഗ്, സിന്ധുദുർഗ് എന്നിവ ദ്വീപ് കോട്ടകളാണ്.
സാംസ്‌കാരിക പാരമ്പര്യത്തിന് അസാധാരണമായ സംഭാവന നൽകുക, സജീവമായതോ അപ്രത്യക്ഷമായതോ ആയ ഒരു നാഗരികതയുടെ സവിശേഷതകൾ പ്രകടമാകുക, അസാധാരണമായ വൈവിധ്യം പ്രകടിപ്പിക്കുക തുടങ്ങി നിർമിതികളെ ലോക പൈകൃക പട്ടികയിൽ ഉൾപ്പെടുത്തും. മനുഷ്യ ചരിത്രത്തിലെ സുപ്രധാന ഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന നിർമിതികൾ, സാർവത്രിക പ്രാധാന്യമുള്ള സൃഷ്ടികളുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള നിർമിതികൾ അല്ലെങ്കിൽ സ്ഥലങ്ങൾ തുടങ്ങിയ വിവിധ മാനദണ്ഡ പ്രകാരമാണ് ലോക പൈതൃക പട്ടികയിൽ നാമനിർദ്ദേശം ലഭിക്കുന്നത്.
ഇന്ത്യൻ ചരിത്രത്തെയും നാഗരികതയെും ഭരണകാലത്തെയും അടയാളപ്പെടുത്തുന്നതിൽ മറാത്ത മിലിട്ടറി ലാൻഡ്സ്കേപ്പ് സുപ്രധാന പങ്ക് വഹിക്കുന്നു. വൈവിധ്യമാർന്ന ഭൂമിശാസ്ത്രം ഭൗതിക സവിശേഷതകളും വ്യക്തമാക്കുന്നവയാണ് ഈ പ്രദേശങ്ങളെന്നും ഇവ മറാഠാ ഭരണത്തിന്റെ തന്ത്രപരമായ സൈനിക ശക്തികളെ വ്യക്തമാക്കുന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു.















