വയനാട്: കോൺഗ്രസ് നേതാവ് രാഹുലിനെതിരെ രൂക്ഷവിമർശനുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുൽ ദയനീയമായി പരാജയപ്പെട്ട ഒരു വ്യക്തിയാണെന്നും ഇത്രയും ഉത്തരവാദിത്തമില്ലാത്ത ഒരു എംപി ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
വനവാസികളും പിന്നാക്ക വിഭാഗക്കാരും കർഷകരും തിങ്ങി പാർക്കുന്ന ലോക്സഭാ മണ്ഡലത്തിലെ എംപിയായിരിക്കുന്ന രാഹുൽ എത്ര തവണ വയനാട്ടിൽ വന്നിട്ടുണ്ട്. ഈ മണ്ഡലത്തിന് വേണ്ടി രാഹുൽ എന്താണ് ചെയ്തത്. വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി യാതൊന്നും ചെയ്യുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണാസിയിൽ ചെയ്തതിന്റെ പതിനായിരത്തിൽ ഒരംശം പോലും രാഹുൽ വയനാടിന് വേണ്ടി ചെയ്തിട്ടില്ല.
ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കർഷകർക്ക് വേണ്ടി എന്താണ് രാഹുൽ ചെയ്യുന്നത്. വയനാട്ടിലെ ജനങ്ങളുടെ ആവശ്യവുമായി ബന്ധപ്പെട്ട ഒരു യോഗത്തിലും രാഹുൽ പങ്കെടുത്തിട്ടില്ല. കേന്ദ്ര ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി രണ്ട് തവണ വന്ന് വയനാടിന്‍റെ വികസനത്തിന് വേണ്ടി ചർച്ച നടത്തി. എന്നാൽ രാഹുൽ ഒരു തുടർ യോഗത്തിലും പങ്കെടുത്തില്ല.അമേഠ്യയിൽ പരാജയപ്പെടുത്തിയ പോലെ രാഹുലിനെ വയനാട്ടിലും പരാജയപ്പെടുത്തണം. രാഹുലിനെതിരെ എൻഡിഎ ശക്തമായ മത്സരം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.















