പാലക്കാട്: ഗൂഡല്ലൂരിൽ ഗൂഗിൾ മാപ്പ് കാണിച്ച വഴിയിലൂടെ സഞ്ചരിച്ച കാർ പടിക്കെട്ടിൽ കുടുങ്ങി. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഊട്ടിയിൽ നിന്ന് മടങ്ങുകയായിരുന്ന ബെംഗളൂരു സ്വദേശികളുടെ വാഹനമാണ് നടപ്പാതയിലെ പടിക്കെട്ടിൽ കുടുങ്ങി നിന്നത്.
വിനോദസഞ്ചാരികളുടെ തിരക്കേറിയതിനാൽ എളുപ്പവഴിക്കായി ഗൂഗിൾ മാപ്പിനെ ആശ്രയിച്ചതോടെയാണ് പണി പാളിയത്. ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം ഓവേലി റോഡിലേക്കെത്തിയ വാഹനം ഹെൽത്ത് ക്യാമ്പിനരികിലൂടെയുള്ള നടപ്പാതയിലെ പടിക്കെട്ടിലെത്തി നിൽക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി. ഇവരുടെ നിർദ്ദേശാനുസരണം പടിക്കെട്ടിലൂടെ തന്നെ വാഹനം ഇറക്കി പ്രധാന റോഡിൽ എത്തിക്കുകയായിരുന്നു.















