തിരുവനന്തപുരം: ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ളത് കോടികളുടെ കുടിശിക. 1353 കോടി രൂപയാണ് ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ളത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണം അനുവദിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഇതോടെ സംസ്ഥാനത്തെ പല ആശുപത്രികളിലും ചികിത്സ മുടങ്ങുന്ന സാഹചര്യമാണുള്ളത്. കാരുണ്യപദ്ധതി വഴിയാണ് ഏറ്റവും കൂടുതൽ പണം ആശുപത്രികൾക്ക് നൽകാനുള്ളത്. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലൂടെ 1128,69,16,163 രൂപയും കാരുണ്യ ബനവലന്റ് പദ്ധതിയിലൂടെ 189,28,42,581 രൂപയും നൽകാനുണ്ട്. ഈ രണ്ടു പദ്ധതികളിലുമായി 198 സർക്കാർ ആശുപത്രികളും 452 സ്വകാര്യ ആശുപത്രികളും എംപാനൽ ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെഎഎസ്പി)
സംസ്ഥാനത്തെ താഴ്ന്ന കുടുംബങ്ങളിലെ വ്യക്തികൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ ചികിത്സാ സഹായമായി നൽകുന്നതാണ് പദ്ധതി. 64 ലക്ഷം പേർക്കാണ് ഇത്തരത്തിൽ സഹായം ലഭിക്കുന്നത്. സർക്കാർ ആശുപത്രികളിലോ സർക്കാർ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലോ കെഎഎസ്പി പദ്ധതി പ്രകാരം
ചികിത്സ ലഭിക്കും. കുടിശിക നൽകാത്തതിനാൽ പല ആശുപത്രികളും ചികിത്സയ്‌ക്ക് തയാറാകുന്നില്ല.
കാരുണ്യ ബനവലന്റ് പദ്ധതി
രണ്ട് ലക്ഷം രൂപയാണ് ഈ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് ചികിത്സാ സഹായമായി ലഭിക്കുന്നത്. കാൻസർ, ഹീമോഫീലിയ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവയ്‌ക്കാണ് പ്രധാനമായും ധനസഹായം ലഭിക്കുന്നത്. വൃക്ക മാറ്റിവയ്‌ക്കുന്നവർക്ക് 3 ലക്ഷം രൂപ ലഭിക്കും.















