തിരുവനന്തപുരം: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത് ശ്രീനിവാസൻ കൊലക്കേസിലെ 15 പ്രതികളെയും സെഷന്‍സ് കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത് പിഎഫ്ഐ നിരോധനം ശരിവയ്‌ക്കുന്നതാണെന്ന് ബിജെപി ഒബിസി മോര്‍ച്ച പ്രസിഡന്റ് എന്‍പി രാധാകൃഷ്ണന്‍. കേരളത്തില്‍ വര്‍ഗീയ കലാപങ്ങളുണ്ടാക്കാന്‍ പിഎഫ്ഐ ആസൂത്രണം ചെയ്ത കൊലപാതകങ്ങളിലൊന്നാണ് രണ്‍ജിത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടാണ് പിഎഫ്ഐ ഭീകരര്‍ രണ്‍ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും ഒളിഞ്ഞും തെളിഞ്ഞും പിഎഫ്ഐ കേരളത്തില്‍ വിഷവിത്ത് പരത്താന്‍ ശ്രമിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തീവ്രവാദികളോടും ഭീകരസംഘടനകളോടും മൃദു സമീപനമാണ് സ്വീകരിക്കുന്നത്. ഇനിയെങ്കിലും ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
ഭീകരര്‍ക്കെതിരെ കടുത്ത നിലപാടെടുക്കാന്‍ കോടതി വിധി സര്‍ക്കാരിന് പ്രേരണയാകട്ടെ. നിരോധിക്കപ്പെട്ട പിഎഫ്ഐ ഭീകരർ എസ്ഡിപിഐയിലും ചില മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളിലും ചേക്കേറിയിരിക്കുകയാണ്. എസ്ഡിപിഐയുടെ പ്രവര്‍ത്തനവും നിയന്ത്രണ വിധേയമാക്കണം. കേസ് നടത്തിപ്പില്‍ ജാഗ്രത കാണിച്ച പ്രോസിക്യൂഷനോടും രൺജിത്തിന്റെ കുടുംബത്തിന് പിന്തുണ നല്‍കിയ അഭിഭാഷക സമൂഹത്തോടും പൊതുജനങ്ങളോടും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.















