തിരുവനന്തപുരം: രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സൈബർ ആക്രമണം. വധക്കേസിൽ ശിക്ഷ വിധിച്ച മാവേലിക്കര അഡിഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിക്കെതിരെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ആക്രമണം ശക്തമാകുന്നത്. എസ്ഡിപിഐ നേതാക്കളുടെ ഫേസ്ബുക്ക് പേജുകളിലാണ് ജഡ്ജിക്കെതിരെ പോസ്റ്റുകൾ പങ്കുവച്ചിരിക്കുന്നത്.
ജഡ്ജിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകൾ പങ്കുവച്ചിരിക്കുന്നത്. ജഡ്ജിയെന്ന പദവിയെ അവഹേളിക്കുന്ന തരത്തിലായിരുന്നു എസ്ഡിപിഐ നേതാക്കളുടെ ഫേസ്ബുക്ക് പേജുകളിലെ പോസ്റ്റുകളും കമന്റുകളും. എസ്ഡിപിഐ പ്രവർത്തകരും പിഎഫ്ഐ ഭീകരരും ജഡ്ജിക്കെതിരെ സമൂഹമാദ്ധ്യമങ്ങൾ വഴി ഭീഷണിയും മുഴക്കുന്നുണ്ട്
ശ്രീനിവാസൻ കൊലക്കേസിൽ പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരർക്കാണ് ഇന്ന് ശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലായിരുന്നു ജഡ്ജി വി.ജി ശ്രീദേവി ശിക്ഷാവിധി പ്രസ്താവിച്ചത്. നവാസ്, അനൂപ്, സഫറുദ്ദീന്‍, മുന്‍ഷാദ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ജസീബ് രാജ, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ്, നൈസാം, അജ്മല്‍, അബ്ദുല്‍ കലാം എന്നിവരാണ് കേസിലെ പ്രതികള്‍.
കേസിൽ 15 പിഎഫ്‌ഐ ഭീകരരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു ഇതിനെ തുടർന്നാണ് ഇന്നത്തെ ശിക്ഷാ വിധി. ഇതിൽ എട്ട് പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരാണ്. ഇവർ രൺജിത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയവരാണ്. മൂന്ന് പ്രതികളാണ് വധം ഗൂഢാലോചന ചെയ്തത്. മുഴുവൻ പ്രതികളും വധശിക്ഷയ്‌ക്ക് അർഹരാണെന്ന് കോടതി പ്രസ്താവിച്ചു.















