കോഴിക്കോട്: രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. വോട്ടിന് വേണ്ടി ഭീകരവാദം വളർത്തുന്ന മാർക്‌സിസ്റ്റ് പാർട്ടിക്കേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. അവിലും മലരും കുന്തിരിക്കവും സൂക്ഷിച്ചു വയ്ക്കാൻ പറഞ്ഞവർക്കുള്ള കാലത്തിന്റെ മറുപടിയാണ് പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വധശിക്ഷ. പ്രതികൾക്ക് വേണ്ടി ചില പ്രത്യേക സംഘടനകൾ രംഗത്ത് വരാൻ സാധ്യതയുണ്ടെന്നും ഇത്തരക്കാരെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനിവാസൻ കൊലക്കേസിൽ പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരർക്കാണ് വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി.ജി ശ്രീദേവിയാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. നവാസ്, അനൂപ്, സഫറുദ്ദീൻ, മുൻഷാദ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ജസീബ് രാജ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ്, നൈസാം, അജ്മൽ, അബ്ദുൽ കലാം എന്നിവരാണ് കേസിലെ പ്രതികൾ.
കേസിൽ 15 പിഎഫ്ഐ ഭീകരരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ എട്ട് പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരാണ്. ഇവർ രൺജിത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയവരാണ്. മൂന്ന് പ്രതികളാണ് വധം ഗൂഢാലോചന ചെയ്തത്. മുഴുവൻ പ്രതികളും വധശിക്ഷയ്‌ക്ക് അർഹരാണെന്ന് കോടതി പ്രസ്താവിച്ചു.















