മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ബ്ലെസി ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കയ്പ്പേറിയ ജീവിതത്തിന് മുൻപുള്ള നജീബിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുക. മുമ്പ് പങ്കുവച്ച രണ്ട് പോസ്റ്ററുകൾ നജീബിന്റെ ജീവിതത്തിലെ അതിജീവനത്തെ സൂചിപ്പിക്കുന്നതാണ്.
ദുൽഖർ സൽമാന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ ആദ്യം പങ്കുവച്ചത്. മുൻപുള്ള രണ്ട് പോസ്റ്ററുകളും പ്രഭാസും രൺബീർ സിംഗുമായിരുന്നു പുറത്ത് വിട്ടത്. വെറുതെ വിട്ടുകൊടുക്കാൻ ആഗ്രഹിക്കാത്ത മനുഷ്യന്റെ പ്രചോദനകരമായ ജീവിത യാത്ര എന്ന ക്യാപ്ഷനോടുകൂടിയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
ആറ് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വർഷം ഏപ്രിൽ 10 നാണ് ആടുജീവിതം തിയേറ്ററിലെത്തുന്നത്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് ആടുജീവിതം. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. എ.ആര്. റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിൽ- ഛായാഗ്രഹണം. പ്രശാന്ത് മാധവ് -കലാസംവിധാനം.















