ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിൽ തണുത്തുറഞ്ഞ് ഡൽഹിയിലെ തെരുവോരങ്ങൾ. ഡൽഹി- എൻസിആർ എന്നീ പ്രദേശങ്ങളിലാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. പുലർച്ചെയോടെ മഞ്ഞ് മൂടിയതിനാൽ യാത്രക്കാർക്ക് വഴികൾ കാണുന്നതിനും യാത്ര ചെയ്യുന്നതിനുമൊക്കെ വെല്ലുവിളികൾ നേരിട്ടിരുന്നു. ഇതോടെ യാത്രാക്കാർക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡൽഹി എയർപോർട്ട് രംഗത്തെത്തി.
” ഡൽഹിയിൽ മൂടൽമഞ്ഞ് രൂക്ഷമാവുകയാണ്. ഇത് വിമാനങ്ങളുടെ ലാൻഡിംഗിനെയും ടേക്ക്ഓഫിനെയും ബാധിച്ചേക്കാം. അപ്‌ഡേറ്റ് ചെയ്ത ഫ്‌ളൈറ്റ് വിവരങ്ങളും മറ്റും ബന്ധപ്പെട്ട എയർലൈൻ ജീവനക്കാരുമായി ചോദിച്ചറിഞ്ഞ ശേഷം യാത്ര തുടരുക. യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യങ്ങളുണ്ടായാൽ അതിൽ ഖേദിക്കുന്നു.”- ഡൽഹി എയർപോർട്ട് അറിയിച്ചു.
ഫ്രെബ്രുവരി വരെ അതി കഠിനമായ ശൈത്യകാലം ഡൽഹിയിൽ തുടരും. കനത്ത മൂടൽമഞ്ഞ് കാരണം ബസുകൾ വൈകി ഓടുന്നതും ചില പ്രദേശങ്ങളിൽ മറ്റു പൊതു വാഹനങ്ങൾ ലഭിക്കാത്തതും ഡൽഹിയിലെ ജനജീവിതം സ്തംഭിപ്പിക്കുന്നു. തണുപ്പ് കാരണം എല്ലാവരും വീട്ടിലിരിക്കുകയാണ്, ഇതിനാൽ കച്ചവടങ്ങളൊന്നും നടക്കുന്നില്ലെന്നും ചെറുകിട വ്യാപാരികൾ പറഞ്ഞു. കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ ഗതാഗതം തടസ്സപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.















