കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സർക്കാർ മുൻ പ്ലീഡർ പി.ജി മനു കീഴടങ്ങി. എറണാകുളം പുത്തൻകുരിശ് പോലീസിന് മുൻപാകെയാണ് കീഴടങ്ങിയത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പീഡനക്കേസിൽ ഇരയായ യുവതിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് മനുവിനെതിരായ കേസ്. ബലാത്സംഗക്കുറ്റവും ഐടി ആക്ടും ചുമത്തിയിരുന്നു. 2018-ൽ നടന്ന കേസുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയും മാതാപിതാക്കളും പിജി മനുവിനെ കാണാനെത്തുന്നത്. എന്നാൽ പിന്നീട് പലപ്പോഴും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തി 26-കാരിയെ ബലാത്സംഗം ചെയ്തു. യുവതിയുടെ വീട്ടിൽ കടന്നുകയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രമെടുക്കുകയും ഫോണിലേക്ക് അശ്ലീല സന്ദേശം അയക്കുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാളിൽ നിന്ന് അഡ്വക്കേറ്റ് ജനറൽ രാജി എഴുതി വാങ്ങുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രോസിക്യൂട്ടറായും സ്പെഷ്യൽ പ്രോസിക്യൂട്ടറായും പ്രവർത്തിച്ചയാളാണ് പി.ജി മനു.















