കാസർകോട്: നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി 59-കാരനിൽ നിന്നും പണം തട്ടിയ ഹണിട്രാപ്പ് സംഘം പിടിയിൽ. ദമ്പതിമാർ ഉൾപ്പെടെ 7 പേരാണ് പിടിയിലായത്. 59-കാരനെ ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് സംഘം പിടിയിലായത്.
കഴിഞ്ഞ മാസം 25-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യവസായിയായ 59-കാരനെ സംഘത്തിലുണ്ടായിരുന്ന യുവതി ഫോണിൽ ബന്ധപ്പെടുകയും, വിദ്യാർത്ഥിനിയാണെന്നും തനിക്ക് ഒരു ലാപ്‌ടോപിന്റെ ആവശ്യമുണ്ടെന്നും പറഞ്ഞ് സഹായഭ്യർത്ഥന നടത്തിയിരുന്നു. തുടർന്നും സഹായം അഭ്യർത്ഥിച്ച് ഇത്തരത്തിൽ നിരവധി തവണ യുവതി വ്യവസായിയെ ഫോണിൽ ബന്ധപ്പെട്ടു.
ഇതേത്തുടർന്ന് യുവതിയ്‌ക്കൊപ്പം ലാപ്‌ടോപ് വാങ്ങാൻ മംഗളൂരു വരെ എത്തിയ 59-കാരനെ ഹോട്ടലിലെത്തിക്കുകയും ഭീഷണിപ്പെടുത്തി സംഘം നഗ്നചിത്രങ്ങൾ പകർത്തുകയുമായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ ഇയാളിൽ നിന്നും ഇവർ പതിനായിരം രൂപ വാങ്ങിച്ചെടുത്തു. പിറ്റേദിവസം 4,90,000 രൂപയും ഇവർ വ്യവസായുടെ പക്കൽ നിന്നും വാങ്ങിച്ചെടുത്തിരുന്നു. തുടർന്നും സംഘം പണം ആവശ്യപ്പെട്ട് 59-കാരനെ ഭീഷണിപ്പെടുത്തിയതോടെയാണ് ഇയാൾ പോലീസിൽ പരാതിപ്പെട്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ പിടിയിലാവുകയായിരുന്നു.















