തിരുവനന്തപുരം: റേഷൻ കടക്കാരനിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ റേഷനിംഗ് ഉദ്യോഗസ്ഥന് നാല് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ജില്ലയിലെ സിറ്റി നോർത്ത് റേഷനിംഗ് ഓഫീസറായിരുന്ന പ്രസന്ന കുമാറാണ് റേഷൻ കടക്കാരനിൽ നിന്നും കൈക്കൂലി വാങ്ങിയത്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
നാല് വർഷത്തെ തടവിനെ കൂടാതെ 25,000 രൂപ പിഴയും കോടതി വിധിച്ചു. റേഷൻകടക്കാരനിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതിയെ വിജിലൻസ് പിടികൂടിയത്.
2014-നാണ് കേസിനാസ്പദമായ സംഭവം. പട്ടത്ത് റേഷൻ കട നടത്തുന്നയാളിനോടാണ് പ്രതി കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് കൈക്കൂലി ആവശ്യപ്പെട്ട വിവരം റേഷൻകടക്കാരൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് കൈക്കൂലി വാങ്ങുന്നതിനിടെ പ്രസന്ന കുമാറിനെ കയ്യോടെ പിടികൂടിയത്. കഴിഞ്ഞ ദിവസം വിജിലൻസ് കോടതി പ്രസന്ന കുമാർ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.