ന്യൂഡൽഹി: പോയ വർഷം ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഭാരതം മാറിയെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. 2023 ഇന്ത്യയുടെ ചരിത്ര വർഷമായിരുന്നുവെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു. പാർലമെൻ്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ദ്രൗപദി മുർമു.
ആഗോള പ്രതിസന്ധിക്കിടയിലും അതിവേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി. തുടർച്ചയായി രണ്ട് പാദങ്ങളിൽ ഇന്ത്യ 7.5 ശതമാനം വളർച്ച കൈവരിച്ചു. ഏപ്രിൽ-ജൂൺ, ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ യഥാക്രമം 7.8 ശതമാനവും 7.6 ശതമാനവും വളർന്നു. ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു. ഇന്ത്യ വികസന സൗഹൃദ രാജ്യമായി മാറിയെന്ന് ലോകരാഷ്‌ട്രങ്ങൾ തിരിച്ചറിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാഷ്‌ട്രമായി ഇന്ത്യ മാറി. വിജയകരമായ ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചതോടെ ലോകത്ത് ഇന്ത്യയുടെ പങ്ക് അടയാളപ്പെടുത്തി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 100-ലധികം മെഡലുകൾ നേടി. മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നിവ രാജ്യത്തിന്റെ ശക്തിയായി മാറി. പ്രതിരോധ ഉൽപ്പാദനം ഒരു ലക്ഷം കോടി കടന്നു. അടൽ ടണലും യാഥാർത്ഥ്യമായി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടത്തിയ പദ്ധതികളുടെ വിപുലീകരണമാണ് ഇന്ന് കാണുന്ന ഇന്ത്യയെന്നും രാഷ്‌ട്രപതി പറഞ്ഞു.















