ചെന്നൈ: പഴനി ക്ഷേത്രം പിക്നിക് സ്‌പോട്ടല്ലെന്നും, രേഖാമൂലം എഴുതി നൽകാതെ അവിശ്വാസികൾ കൊടിമരത്തിന്റെ പരിധിക്കപ്പുറത്തേക്ക് പ്രവേശിക്കാൻ പാടില്ലെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അഹിന്ദുക്കൾക്ക് ദൈവ വിശ്വാസമുണ്ടെങ്കിൽ, ക്ഷേത്രത്തിലെ ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടരാൻ തയ്യാറാണെങ്കിൽ, ക്ഷേത്ര ദർശനം നടത്തമെന്നും കോടതി വ്യക്തമാക്കി.
പഴനി മുരുകൻ ക്ഷേത്രപരിസരത്ത് അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെന്തിൽ കുമാർ എന്ന വ്യക്തി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി മധുര ബഞ്ചിന്റെ വിധി. ഇത് സംബന്ധിച്ച ബോർഡ് എല്ലാം പ്രവേശന കവാടങ്ങളിലും സ്ഥാപിക്കാനും ജസ്റ്റിസ് ശ്രീമതി ഉത്തരവിട്ടു. ക്ഷേത്ര പരിസരത്ത് കളിപ്പാട്ട കട നടത്തുന്നയാളാണ് ഹർജിക്കാരൻ.
ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമാണെന്നും നിയന്ത്രണങ്ങൾ ബാധകമാണെങ്കിൽ ബാനറുകൾ പ്രദർശിപ്പിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. മധുരയിലെ അരുൾമിഗു ബൃഹദീശ്വര ക്ഷേത്രത്തിലും അരുൾമിഗു മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിലും ഇതര മതസ്ഥർ മാംസാഹാരം കഴിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്ത സംഭവങ്ങൾ കോടതി എടുത്തുപറഞ്ഞു.
ഈ സംഭവങ്ങൾ ഹിന്ദുക്കൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി വിലയിരുത്തി. പഴനി ക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്തരവ് തമിഴ്നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും ഒരേപോലെ ബാധകമാണെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് പഴനി ക്ഷേത്രത്തിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന ഡിഎംകെ സർക്കാരിന്റെ അപേക്ഷ കോടതി തള്ളി. ഒപ്പം അനാവശ്യമായ കടന്നുകയറ്റങ്ങളിൽ നിന്ന് ക്ഷേത്രങ്ങളെ സംരക്ഷിക്കാനുള്ള കടമ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിനുണ്ടെന്നും കോടതി അടിവരയിട്ടു.