മലയാളി പ്രേക്ഷകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫർ എന്ന ഹിറ്റ് ചിത്രം നൽകിയ അതേ ആവേശം തന്നെയാണ് രണ്ടാം ഭാഗത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ ലൂസിഫറിന്റെ ക്ലൈമാക്സ് രംഗവും എമ്പുരാന്റെ ആവേശം കൂട്ടുന്നതാണ്. വിദേശരാജ്യങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു ലൊക്കേഷൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
അമേരിക്കയിലാണ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ആരംഭിച്ചിരിക്കുന്നത്. സ്വന്തമായി ജെറ്റ് വിമാനവും കൊട്ടാരങ്ങളുമുള്ള കോടീശ്വരന്റെ കഥായാണ് എമ്പുരാനിൽ പറയാൻ പോകുന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു. അബ്റാം ഖുറേഷി എന്ന കഥാപാത്രത്തെ കുറിച്ചുള്ള സൂചന മാത്രമായിരുന്നു അത്. എന്നാൽ അതിനും മേലെയാണ് എമ്പുരാൻ സിനിമയെന്ന് തെളിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
ആഡംബര വാഹനങ്ങളും ഹെലികോപ്റ്ററും എല്ലാമായി ഒരു ഹോളിവുഡ് മയത്തിലുള്ള ലൊക്കേഷൻ വീഡിയോയിൽ കാണാം. സിനിമയുടെ മൂന്നാം ഷെഡ്യൂളാണ് അമേരിക്കയിൽ ആരംഭിച്ചിരിക്കുന്നത്. ജനുവരി 28 നാണ് മോഹൻലാൽ മൂന്നാം ഷെഡ്യൂളിൽ ജോയിൻ ചെയ്തത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ലഡാക്കിലും രണ്ടാമത്തെ ഷെഡ്യൂൾ യുകെയിലുമായിരുന്നു.
ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‌ട്രീയക്കാരൻ എങ്ങനെ അബ്റാം ഖുറേഷി ആയെന്ന കഥയാണ് പറയുന്നത്. ചിത്രത്തിൽ ടൊവിനോ തോമസും പ്രധാന വേഷത്തിൽ എത്തും. ടൊവിനോ അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും എമ്പുരാനിലാകും പറയുന്നത്.