ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും നോട്ടീസയച്ച് ഇഡി. ഫെബ്രുവരി 2ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം. ഈ മാസം 3നും 18നും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി കെജ്‌രിവാളിന് നോട്ടീസ് അയച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്‌ട്രീയ നീക്കമാണെന്ന് ആരോപിച്ച് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും ഹാജാരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസയച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം നവംബർ 2നും ഡിസംബർ 21 നും ചോദ്യം ചെയ്യലിന് കെജ്‌രിവാൾ ഹാജരായിരുന്നില്ല. 2023 ഓഗസ്റ്റ് 17ന് മദ്യനയക്കേസിൽ സിബിഐ ആദ്യം രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ കെജ്‌രിവാളിനെ പ്രതി ചേർത്തിരുന്നില്ല. എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.















