ലക്‌നൗ: ജ്ഞാൻവാപി കേസിൽ നിർണ്ണായക വിധിയുമായി വാരാണസി ജില്ലാ കോടതി. മസ്ജിദ് സമുച്ചയത്തിനുള്ളിൽ ഹൈന്ദവർക്ക് പൂജ നടത്താൻ കോടതി അനുമതി നൽകി. മസ്ജിദിന് താഴെ മുദ്രവച്ച പത്ത് നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം പൂജകൾ ആരംഭിക്കാമെന്നും ഇതിനകം നടപടികൾ സ്വീകരിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നാമനിർദ്ദേശം ചെയ്യുന്ന പൂജാരിക്കാണ് പൂജകൾ നടത്താനുള്ള അനുമതി.
ഹിന്ദുവിഭാഗം അഭിഭാഷകൻ വിഷ്ണു ജെയ്‌നാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാരാണസി കോടതിയുടെ ഉത്തരവ് ചരിത്രവിധിയാണെന്നും ജ്ഞാൻവാപി കേസിലെ വഴിത്തിരിവാണിതെന്നും വിഷ്ണു ജെയ്‌ൻ പ്രതികരിച്ചു.
ഇവിടെ പൂജ നടത്തണമെന്ന് നേരത്തെ തന്നെ ഹിന്ദു വിഭാഗം ആവശ്യപ്പെട്ടിരുന്നു. മുദ്രവച്ച് പൂട്ടിയിരിക്കുന്ന നിലവറകൾക്ക് അകത്ത് ഹൈന്ദവ ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും പൂജ നടത്തണമെന്നുമായിരുന്നു ആവശ്യം. കഴിഞ്ഞ ദിവസം പുറത്തുവന്ന എഎസ്‌ഐ സർവ്വേ റിപ്പോർട്ടിലും ഹിന്ദു വിഭാഗത്തിന് അനുകൂലമായ കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്. മസ്ജിദിന് താഴെ ക്ഷേത്രമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന വിധത്തിലുള്ള തെളിവുകൾ ലഭിച്ചുവെന്നാണ് എഎസ്‌ഐ റിപ്പോർട്ട്. തകർന്ന ശിവലിംഗവും ദേവതകളുടെ രൂപങ്ങളും സർവ്വേയിൽ കണ്ടെത്തിയിരുന്നു. ഇത് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് പൂജകൾ നടത്താനുള്ള അനുമതി ഹിന്ദുവിഭാഗത്തിന് ലഭിച്ചിരിക്കുന്നത്. ജ്ഞാൻവാപിയിലെ എഎസ്‌ഐ സർവ്വേ റിപ്പോർട്ട് അതീവ മൂല്യമുള്ളതാണെന്ന് അലഹബാദ് ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു.