കോഴിക്കോട്: വിശ്വാസികൾക്കെതിരായ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ പരാമർശം കേരളത്തിന് അപമാനകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ ദർശനം കിട്ടാതെ മാലയൂരി മടങ്ങിയത് കപടഭക്തരാണെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ മറ്റു സമുദായങ്ങളിലെ ആചാരങ്ങളെ പറ്റി മന്ത്രി ഇത്തരത്തിലുള്ള പരാമർശം നടത്തുമോയെന്നും അദ്ദേഹം ചോദിച്ചു.
‘മന്ത്രി അവഹേളിച്ചത് വിശ്വാസികളുടെ ആചാരത്തെയാണ്. മറ്റു സമുദായങ്ങളിലെ ആചാരങ്ങളെ പറ്റി ഈ രീതിയിൽ സംസാരിക്കാൻ മന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് വ്യക്തമാക്കണം. 20 മണിക്കൂർ വരെയാണ് ദർശനത്തിനായി ഭക്തർക്ക് ഇത്തവണ ക്യൂ നിൽക്കേണ്ടി വന്നത്. കുടിക്കാൻ വെളളമില്ല, തിരക്ക് നിയന്ത്രിക്കാൻ സംവിധാനമില്ല, അവസാനം കുഴഞ്ഞുവീഴുമ്പോൾ അവർ എന്തു ചെയ്യണം. അവർ തിരിച്ചുപോയി,’ – കെ. സുരേന്ദ്രൻ പറഞ്ഞു.
വ്രതമെടുത്ത് മലചവിട്ടുന്ന ഭക്തർക്ക് ദർശനം കിട്ടാതെ വരുമ്പോൾ മാനസിക പ്രശ്‌നങ്ങളുണ്ടാകും. ആ സമയത്ത് മാലയൂരി തിരിച്ചുപോകുകയാണ് ഭക്തർ ചെയ്യുക. ഇത് ആചാരമാണെന്നും ഇതിനെയാണ് മന്ത്രി അവഹേളിച്ചതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.















