എറണാകുളം: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ന് രാവിലെ പോലീസിൽ കീഴടങ്ങിയ പ്രതി പി ജി മനുവിനെ കോടതി റിമാൻഡ് ചെയ്തു. ചോറ്റാനിക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മുൻ സർക്കാർ പ്ലീഡറെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
7 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടതായും കോടതി അറിയിച്ചു. അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ ചോദ്യം ചെയ്യണമെന്ന പോലീസിന്‍റെ ആവശ്യത്തെ തുടർന്നാണ് നടപടി.
എറണാകുളം പുത്തൻകുരിശ് പോലീസിന് മുൻപാകെ ഇന്ന് രാവിലെയാണ് പി.ജി മനു കീഴടങ്ങിയത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
പീഡനക്കേസിൽ ഇരയായ യുവതിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് മനുവിനെതിരായ കേസ്. ബലാത്സംഗക്കുറ്റവും ഐടി ആക്ടും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.















