ന്യൂഡൽഹി: ഫെബ്രുവരി 29-ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും സംബന്ധിച്ച് പേടിഎമ്മിന് നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ. ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്കോ വാലറ്റുകളിലേക്കോ നിക്ഷേപം സ്വീകരിക്കുന്നതിനോ ക്രെഡിറ്റ് ഇടപാടുകൾ-ടോപ്പ് അപ്പുകൾ എന്നിവയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിന് ആർബിഐ കൈമാറി.
അതേസമയം ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ നിന്നും പ്രതിദിനം നിശ്ചയിച്ചിട്ടുള്ള പരിധിവരെ ഇടപാടുകൾ നടത്താനാകുമെന്നും ഉത്തരവിൽ പറയുന്നു. സേവിംഗ്സ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, ഫാസ്ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ എന്നിവയിൽ നിന്നും പണം പിൻവലിക്കുന്നതിനും വിനിയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.
മാർച്ച് ആദ്യ വാരം മുതൽ ഫണ്ട് കൈമാറ്റം, ബിബിപിഒയു, യുപിഐ എന്നീ സൗകര്യങ്ങൾ മറ്റ് ബാങ്കിംഗ് സേവനങ്ങളും ബാങ്ക് നൽകേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, പേടിഎം പെയ്മെന്റ് ലിമിറ്റഡ് എന്നിവയുടെ അക്കൗണ്ട് ഇടപാടുകളും ആർബിഐ അവസാനിപ്പിച്ചു.