അഹമ്മദാബാദ്: ജ്ഞാൻവാപി തർക്ക മന്ദിരത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കണക്കിലെടുത്ത് തർക്ക മന്ദിരത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ഇന്നലെയാണ് മന്ദിരത്തിന്റെ മുദ്രവെച്ച നിലവറയിൽ ഹൈന്ദവ വിശ്വാസികൾക്ക് പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. പൂജ നടത്തിപ്പിനുള്ള സൗകര്യങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ ഒരുക്കാൻ വാരാണസി ജില്ലാ ഭരണകൂടത്തിന് കോടതി നിർദ്ദേശം നൽകി. ഇതിന് പിന്നാലെയാണ് തർക്കമന്ദിരത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചത്.
ജ്ഞാൻവാപി ക്ഷേത്രത്തിൽ പൂജ നടത്തണമെന്ന് നേരത്തെ തന്നെ ഹിന്ദു വിഭാഗം ആവശ്യപ്പെട്ടിരുന്നു. മുദ്രവച്ച് പൂട്ടിയിരിക്കുന്ന നിലവറകൾക്ക് അകത്ത് ഹൈന്ദവ ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും പൂജ നടത്തണമെന്നുമായിരുന്നു ആവശ്യം. ഹൈന്ദവ വിശ്വാസികൾക്ക് അനുകൂലമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന എഎസ്‌ഐ റിപ്പോർട്ട്. തകർന്ന ശിവലിംഗവും ദേവതകളുടെ രൂപങ്ങളും സർവ്വേയിൽ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് പൂജകൾ നടത്താനുള്ള അനുമതി ഹിന്ദു വിഭാഗത്തിന് ലഭിച്ചത്.
1993-ലാണ് ജ്ഞാൻവാപിയിൽ അവസാനമായി പൂജകൾ നടന്നത്. വ്യാസ കുടുംബത്തിനാണ് പൂജ നടത്താനുള്ള അവകാശം ലഭിച്ചിരിക്കുന്നത്. ഏഴ് ദിവസത്തിനകം വ്യാസ് കുടുംബം ഇവിടെ പൂജകൾ നടത്താനെത്തും. പൂജാരി ആരായിരിക്കുമെന്ന് കാശി വിശ്വനാഥ് ട്രസ്റ്റ് ബോർഡിന് തീരുമാനിക്കാം.