പുനലൂർ: എച്ച്ഐവി ബാധിതനായി ചികിത്സയിലിരിക്കെ 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 49 വയസ്സുകാരന് മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവും 1,05,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പോക്സോ നിയമപ്രകാരവും ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് ഇയാൾക്കെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം കൂടി കഠിനതടവും വിധിച്ചിട്ടുണ്ട്. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഡിസ്ട്രിക്ട് ജഡ്ജി ടി.ഡി.ബൈജുവാണ് ശിക്ഷ വിധിച്ചത്.
അത്യപൂർവ്വമായ കേസുകളിൽ ഒന്നാണിതെന്ന് കോടതി നിരീക്ഷിച്ചു. 2020-ലാണ് സംഭവം. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. 28 രേഖകളും ഹാജരാക്കി. തെന്മല പോലീസ് ഇൻസ്പെക്ടർ എം.ജി.വിനോദാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.