കൊച്ചി: സ്ഥാപക ദിനത്തോടനുബന്ധിച്ച് ഭാരതീയ തീരസംരക്ഷണ സേന കൊച്ചിയിൽ സംഘടിപ്പിച്ച ‘ഡേ അറ്റ് സീ 2024’ പരിപാടിയിൽ മുഖ്യാതിഥിയായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഐസ്ജിഎസ് സമർത്ഥ് എന്ന യുദ്ധ കപ്പലിൽ ഉൾക്കടലിലേക്ക് ഗവർണർ യാത്ര നടത്തുകയും ചെയ്തു. അറബിക്കടലിൽ 10 നോട്ടിക്കൽ മൈൽ ദൂരത്തേക്കായിരുന്നു യാത്ര.
കോസ്റ്റ് ഗാർഡിന്റെ വിവിധയിനം ഹെലികോപ്റ്ററുകളും യുദ്ധ വിമാനങ്ങളും അഭ്യാസ പ്രകടനങ്ങളും നടത്തി. നാല് കപ്പലുകളും രണ്ട് റെസ്ക്യൂ ബോട്ടുകളും റാലിയിൽ പങ്കെടുത്തു. ചെറു ബോട്ടുകളുടെ അതിവേഗ റേസിംഗും നടന്നു. ഹെലികോപ്റ്ററുകളുടെ അഭ്യാസ പ്രകടനങ്ങളും നടന്നിരുന്നു. കപ്പൽ തട്ടിക്കൊണ്ടുപോയ കടൽകൊള്ളക്കാരിൽ നിന്ന് കപ്പൽ മോചിപ്പിക്കുന്നതിന്റെ മോക്ക് ഡ്രില്ലും കടലിൽ അകപ്പെട്ട് പോകുന്നവരെ ഐസിജി രക്ഷപ്പെടുത്തുന്നതും സേന പ്രദർശനവും നടന്നു. കോസ്റ്റ് ഗാർഡ് കപ്പലുകൾ ഗവർണറിന് ഗാർഡ് ഓഫ് ഓണർ നടത്തി.
ഭാരതീയ തീരസംരക്ഷ്ഷണ സേനയുടെ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയിൽ ഗവർണർ സംതൃപ്തനാണെന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിപാടികൾ ഏറെ ആസ്വദിച്ചുവെന്നും വളരെ കാലത്തിന് ശേഷം സന്തോഷം അനുഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെയായിരുന്നു കൊച്ചിയിൽ പരിപാടികൾ നടന്നത്.