പുതുതായി മൂന്ന് റെയിൽവേ ഇടനാഴികൾക്ക് കൂടി രൂപം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. ഊർജം, ധാതുക്കൾ, സിമൻറ് എന്നിവയുടെ നീക്കത്തിനാണ് ഈ ഇടനാഴികൾ ഉപയോഗപ്പെടുത്തുക. പ്രധാനമന്ത്രി ഗതിശക്തി യോജനയ്‌ക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കുക.
വന്ദേ ഭാരത് നിലവാരത്തിൽ 40,000 ബോഗികൾ സജ്ജമാക്കും. വിമാനത്താവള വികസനം വർദ്ധിപ്പിക്കും. പുതുതായി 149 വിമാനത്താവളങ്ങൾ യാഥാർത്ഥ്യമാക്കുമെന്നും നിലവിലുള്ളവ നവീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും. ഇലക്ട്രിക് വാഹന രംഗത്തെ വിപുലീകരിക്കുമെന്നും മന്ത്രി ബജറ്റിൽ ഉറപ്പ് നൽകി. 11.11 ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തിയത്. 2047-ഓടെ വികസിത ഭാരതമാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.