ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം വികസന മുന്നേറ്റം കാഴ്ചവച്ചതായി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഇപ്പോൾ അവതരിപ്പിക്കുന്നത് ഇടക്കാല ബജറ്റാണെന്നും ജൂലൈയിൽ തങ്ങളുടെ സർക്കാർ വീണ്ടും സമ്പൂർണ ബജറ്റ് അവതരിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ നിർമ്മല സീതാരാമൻ വ്യക്തമാക്കി. ബിജെപി സർക്കാരിന് കഴിഞ്ഞ പത്തുവർഷം മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധിച്ചു. അതിനാൽ മികച്ച ഭൂരിപക്ഷത്തോടെ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
ഫസ്റ്റ് ഡെവല്പ് ഇന്ത്യ പോളിസിയിലൂന്നി രാജ്യത്തെ വികസനത്തിന്റെ പാതയിൽ നരേന്ദ്രമോദി സർക്കാർ നയിച്ചു. 2047-ൽ വികസിത ഭാരതമാണ് ലക്ഷ്യം. അതിനുള്ള ശക്തമായ അടിസ്ഥാനം അമൃതകാലത്തിൽ നിർമ്മിച്ചുകഴിഞ്ഞു. സുഹൃദ് രാഷ്‌ട്രങ്ങളിൽ നിന്നുളള നിക്ഷേപങ്ങൾ വർദ്ധിപ്പിച്ച് വികസനത്തിന് വേഗത വർദ്ധിപ്പിക്കും. കഴിഞ്ഞ പത്തുവർഷത്തെ വിദേശ നിക്ഷേപം 569 ബില്ല്യൺ യുഎസ് ഡോളറായിരുന്നു. ഇത് 2005 മുതൽ 2014 വരെയുള്ളതിന്റെ ഇരട്ടിയാണെന്നതും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
കാർഷിക മേഖലയിലെ കൂടുതൽ വളർച്ചയ്‌ക്കായി പബ്ലിക്- പ്രൈവറ്റ് സംയുക്ത നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും. 2 കോടി വീടുകൾകൂടി പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിച്ചുനൽകും. 1 കോടി വീടുകളിൽ കൂടി സോളാർ വൈദ്യുതി യൂണിറ്റുകൾ സ്ഥാപിക്കും. കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും. 40,000 ൽ അധികം റെയിൽ കോച്ചുകളെ വന്ദേഭാരത് നിലവാരത്തിലേക്ക് ഉയർത്തും. ചരക്ക് നീക്കത്തിന് മൂന്ന് പുതിയ റെയിൽവേ ഇടനാഴികൾ കൂടി പ്രാവർത്തികമാക്കും. മത്സ്യസമ്പദ് പദ്ധതികൾ കൂടുതൽ പ്രാവർത്തികമാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി.