വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് ബജറ്റിൽ ധനമന്ത്രി. ലക്ഷദ്വീപിലെ ടൂറിസം സാധ്യത വളർത്തിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആത്മീയ ടൂറിസം ത്വരിതപ്പെടുത്തുന്നത് രാജ്യത്തിന് ഗുണങ്ങൾ നൽകും.ലോകനിലവാരത്തിൽ ടൂറിസം വികസനത്തിന് സംസ്ഥാനങ്ങൾക്ക് സഹായവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
50 വർഷത്തെ പരിധിയിൽ സംസ്ഥാനങ്ങൾക്ക് പലിശ രഹിത വായ്പയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര ടൂറിസം, തുറമുഖ കണക്ടിവിറ്റി എന്നിവയ്‌ക്കുള്ള പദ്ധതികൾ ലക്ഷദ്വീപിൽ ഉൾപ്പെടെ സ്വീകരിക്കും. വരുന്ന അഞ്ച് വർഷം വികസനത്തിന്റെ കാലമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 11.11 ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തിയത്. 2047-ഓടെ വികസിത ഭാരതമാണ് ലക്ഷ്യമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.















